സ്വീഡനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍

ന്യുഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ സ്വീഡനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ സംഘവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സ്വീഡന്റെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ പ്രതിനിധി എറിക ജേര്‍സ്ട്രോമിന്റെ നേതൃത്വത്തില്‍ പഠനയാത്രയുടെ ഭാഗമായാണ് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്.

തുടര്‍ന്ന് ഇന്ത്യ – സ്വീഡന്‍ ഉഭയകക്ഷി ബന്ധം, സ്വീഡന്‍ രാജാവും രാജ്ഞിയും നടത്തിയ സന്ദര്‍ശനം, വ്യാപാരം, നിക്ഷേപം, കാലാവസ്ഥാ മാറ്റം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, ഇന്ത്യയുടെ വികസന മുന്‍ഗണനാക്രമം തുടങ്ങി വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിരുന്നു. കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് 75 വയസ് തികയുന്ന 2022 ആകുമ്പോഴേക്ക് എല്ലാ പൗരന്‍മാര്‍ക്കും പാര്‍പ്പിടവും വെള്ളവും വൈദ്യുതിയും പാചകവാതകവും ലഭ്യമാക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് മോഡി സര്‍ക്കാര്‍ നീങ്ങുന്നതെങ്ങനെയെന്നും വിശദീകരിച്ചു.

ഇന്ത്യ സ്വീഡന്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിന് ഏറെ സഹായകമാണ് ഇത്തരം സന്ദര്‍ശനങ്ങള്‍ എന്നതില്‍ ഒരു സംശയവുമില്ലെന്ന് മുരളീധരന്‍ പറയുന്നു. അതേസമയം സ്വീഡനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഡല്‍ഹിക്കു പുറമെ ഉദയ്പൂര്‍, മുംബൈ, പൂനെ എന്നിവിടങ്ങളിലും സംഘം പഠനയാത്ര നടത്തുന്നുണ്ട്.

Comments are closed.