വാഹന നിര്‍മ്മാതാക്കളുടെ ഫെബ്രുവരി മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ വമ്പന്‍ ഇടിവ്

മാരുതി സുസുക്കി ഇന്ത്യ ഉള്‍പ്പെടെ രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കളുടെ ഫെബ്രുവരി മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ വമ്പന്‍ ഇടിവ് രേഖപ്പെടുത്തി. മാരുതി സുസുക്കി ഇന്ത്യക്ക് 3.56 ശതമാനത്തിന്റെ ഇടിവ് നേരിട്ടപ്പോള്‍ മഹീന്ദ്രയ്ക്ക് 42.10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. റെഗുലേറ്ററി ഫയലിംഗിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം മാരുതിയുടെ ആകെ വില്‍പ്പന 1,34,150 യൂണിറ്റുകളാണ്. എന്നാല്‍ 2019 ഫെബ്രുവരിയില്‍ ഇത് 1,39,100 യൂണിറ്റുകളായിരുന്നു.

അതേസമയം ഈ സാമ്പത്തിക വര്‍ഷം (ഏപ്രില്‍-ഫെബ്രുവരി) ഇതുവരെയുള്ള 11 മാസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 13,59,148 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16,06,087 ആയിരുന്നു. 15.38 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം ഫെബ്രുവരിയില്‍ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പന 2.34 ശതമാനം ഇടിഞ്ഞ് 1,33,702 മായി മാറിയതായി മാരുതി സുസുക്കി ഇന്ത്യ പറഞ്ഞു.

വാഗണ്‍ ആര്‍, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍, ടൂര്‍ എസ് എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്ന കോംപാക്റ്റ് വിഭാഗത്തില്‍ വില്‍പ്പന 3.92 ശതമാനം ഇടിഞ്ഞ് 69,828 വാഹനങ്ങളായി. അതേസമയം മിനി വിഭാഗത്തില്‍ വില്‍പ്പന 11.10 ശതമാനം ഉയര്‍ന്ന് 27,499 യൂണിറ്റുകളായതായി മാരുതി സുസുക്കി ഇന്ത്യയുടെ കണക്കുകള്‍ പറയുന്നു. രാജ്യത്തെ ഗ്രാമ -നഗര ഉപഭോഗത്തില്‍ ഉണ്ടായിരിക്കുന്ന വലിയ ഇടിവാണ് വില്‍പ്പനയില്‍ കുറവുണ്ടാകാന്‍ പ്രധാന കാരണം.

Comments are closed.