രണ്ടാം തലമുറ മഹീന്ദ്ര XUV500 ഈ വര്‍ഷം വിപണിയില്‍ എത്തില്ലെന്ന് മഹീന്ദ്ര

ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം തലമുറ മഹീന്ദ്ര XUV500 ഈ വർഷം വിപണിയിൽ എത്തില്ലെന്ന ഔദ്യോഗിക സ്ഥിരീകരണവുമായി കമ്പനി. ഈ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മാത്രമേ പുത്തൻ മോഡൽ അവതരി്പിക്കുകയുള്ളൂവെന്ന് മഹീന്ദ്രയുടെ ഡയറക്‌ടർ പവൻ ഗോയങ്കയാണ് സ്ഥിരീകരിച്ചത്.

അതുവരെ, നിലവിലുള്ള XUV500 മോഡൽ വിപണിയിൽ തുടരും. എന്നാൽ എഞ്ചിൻ പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI ന് അനുസൃതമായി പരിഷ്ക്കരിക്കുമെന്നും അടുത്ത തലമുറ സ്കോർപിയോയും 2021 മെയ് മാസത്തോടെ മാത്രമേ തയ്യാറാകൂ എന്നും ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതിനർത്ഥം അടുത്ത തലമുറ മഹീന്ദ്ര ഥാർ മാത്രമാകും ഈ വർഷം ഇന്ത്യൻ വിപണിയിലേക്ക് എത്തുക.

പൂർണമായും പരിഷ്ക്കരിച്ച ഹാർഡ്‌വെയറും സ്റ്റൈലിംഗും ഉപയോഗിക്കുന്ന ഓഫ്-റോഡർ വരും ആഴ്ചകളിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2021 മഹീന്ദ്ര XUV500 ന്റെ പ്രീ പ്രൊഡക്ഷൻ പതിപ്പുകളുടെ പരീക്ഷണയോട്ടം കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്തുടനീളം നടത്തിവരികയായിരുന്നു. തുടർന്ന് ഈ വർഷം എപ്പോഴെങ്കിലും വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാവില്ല.

ഓപ്പൺ-ടോപ്പ് ഫൺസ്റ്റർ ഇവി ആശയത്തെ 2020 ഓട്ടോ എക്സ്പോയിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഇത് മഹീന്ദ്രയുടെ പുതിയ ഡിസൈൻ ഭാഷ്യത്തെ മുമ്പോട്ട് കൊണ്ടുപോകും. വരാനിരിക്കുന്ന പുത്തൻ വാഹനങ്ങളിലെല്ലാം ഈ രൂപകൽപ്പനയാകും കമ്പനി പ്രതിഫലിപ്പിക്കുക.

അതായത് XUV500 യുടെ മുൻവശത്തെ വലിയ ഗ്രിൽ ഇടുങ്ങിയതായിത്തീരും. കൂടാതെ എൽ‌ഇഡി ഹെഡ്‌ലാമ്പുകളും വാഹനത്തിൽ ഇടംപിടിക്കും.ഡി‌ആർ‌എൽ രൂപകൽപ്പന XUV300 യിൽ കാണുന്നതിനു സമാനമായിരിക്കും. XUV500 ന്റെ രൂപഘടന അതിന്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ തികച്ചും വ്യത്യസ്തമാണ്. കൂടാതെ വാഹനം ഗണ്യമായി നീളമുള്ളതാകുമെന്നാണ് പരീക്ഷണ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. അതായത് മൂന്നാം നിര യാത്രക്കാർക്ക് അധിക ലെഗ് റൂം ഇതിൽ നിന്ന് പ്രയോജനം ചെയ്യും.

അകത്തളത്തിലേക്ക് നോക്കുമ്പോൾ രണ്ടാംതലമുറ മഹീന്ദ്ര XUV500 പുതിയ ഡാഷ്‌ബോർഡും ഉപയോഗിച്ച് പൂർത്തിയാക്കിയ പുതിയ ഇന്റീരിയർ ലഭിക്കുമെന്ന് കരുതുന്നു. അതോടൊപ്പം ബിൽറ്റ്, മെറ്റീരിയൽ ഗുണങ്ങൾ പ്രീമിയം ആകുമെന്നും പ്രതീക്ഷിക്കുന്നു. മഹീന്ദ്ര തങ്ങളുടെ ജനപ്രിയ എസ്‌യുവിയെ ധാരാളം സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ച് വിപണിയിൽ എത്തിക്കുമെന്ന് ഉറപ്പാണ്.

പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിന് അടിവരയിടുന്നതിന് 2021 മഹീന്ദ്ര XUV500 പുതിയ 2.0 ലിറ്റർ ഡീസൽ എഞ്ചിനിൽ വാഗ്‌ദാനം ചെയ്യും. പുതിയ യൂണിറ്റ് നിലവിലുള്ള 2.2 ലിറ്റർ എഞ്ചിനേക്കാൾ കൂടുതൽ കരുത്തുറ്റതായിരിക്കും. ഇത് 155 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്.

2.0 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനും ഓഫറിൽ ഉണ്ടാകും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം എസ്‌യുവി ലഭ്യമാകും. പൂർണമായി ലോഡുചെയ്‌ത ഉയർന്ന വകഭേദത്തിൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും മഹീന്ദ്ര വാഗ്‌ദാനം ചെയ്യും.

ആഭ്യന്തര വിപണിിൽ അരങ്ങേറ്റത്തിന് തയാറായിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ്, എംജി ഹെക്‌ടർ ഏഴ് സീറ്റർ എന്നിവയുമായി പുതിയ മഹീന്ദ്ര XUV500 മത്സരിക്കും. മഹീന്ദ്രയുടെ ചരിത്രം പരിശോധിക്കുമ്പോൾ പുതിയ മോഡലിന് വളരെ മത്സരാധിഷ്ഠിതമായി വില നിർണയിക്കാനാണ് സാധ്യത.

Comments are closed.