പൗരത്വ നിയമ ഭേദഗതി : ഇന്ത്യയുടെ പരാമാധികാരത്തില്‍ പുറമേ നിന്നുളളവര്‍ക്ക് ഇടപെടാന്‍ അധികാരമില്ലെന്ന് വിദേശ മന്ത്രാലയം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസില്‍ കക്ഷി ചേരാന്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയതിനെതിരെ പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ ഒരു വിദേശ കക്ഷിക്ക് യാതൊരു അവകാശവും ഇല്ലെന്നും രൂക്ഷമായി പ്രതികരിക്കുകയാണ് വിദേശമന്ത്രാലയം.

വിരമിച്ച ഐ. എഫ്. എസ്. ഉദ്യോഗസ്ഥന്‍ ദേബ് മുഖര്‍ജിയാണ് പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ആ കേസില്‍ കക്ഷിചേരാനാണ് യു. എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ മിഷേല്‍ ബാഷ്‌ലെറ്റ് അപേക്ഷ നല്‍കിയത്. സ്വിറ്റ്സര്‍ലന്റിലെ ജനീവയിലുള്ള യു. എന്‍ മനുഷ്യാവകാശ കമ്മിഷണറുടെ ഓഫീസാണ് ഇക്കാര്യം ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി കാര്യാലയത്തെ തിങ്കളാഴ്ച അറിയിച്ചത്.

തുടര്‍ന്ന് പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ആ നിയമത്തിന് ഇന്ത്യന്‍ ഭരണഘടനയുടെ അംഗീകാരമുണ്ട്. ഭരണഘടനാ മൂല്യങ്ങളെല്ലാം പാലിക്കുന്ന നിയമമാണ് അത്. ഇന്ത്യാ വിഭജനം എന്ന ദുരന്തം സൃഷ്ടിച്ച മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇന്ത്യയുടെ ദീര്‍ഘകാല ദേശീയ പ്രതിബദ്ധത അതില്‍ പ്രതിഫലിക്കുന്നുണ്ട്. നിയമനിര്‍മ്മാണത്തിനുള്ള ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയവുമാണിത്. ഇന്ത്യയുടെ പരാമാധികാരത്തില്‍ പുറമേ നിന്നുളളവര്‍ക്ക് ഇടപെടാന്‍ അധികാരമില്ല എന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിലൂടെ ചില മതങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും ആനുകൂല്യം ലഭിക്കുമ്പോള്‍ ചില മതങ്ങളിലെ കുടിയേറ്റക്കാരെ അപകടാവസ്ഥയിലാക്കിയെന്ന് അപേക്ഷയില്‍ വ്യക്തമാക്കി. കൂടാതെ ഇന്ത്യയുടെ പൗരത്വ നിയമത്തെയും പൗരത്വ രജിസ്റ്ററിനെയും പറ്റി ബാഷ്ലെറ്റ് കഴിഞ്ഞ മാസങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങളെ രാജ്യമില്ലാത്ത ജനതയാക്കി മാറ്റുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ആരോപിച്ചിരുന്നു. എന്നാല്‍ ലോകത്തെ ഉന്നത സമിതിയുടെ അസാധാരണമായ ഇടപെടലിനെതിരെ മുന്‍ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ രംഗത്തു വന്നിരുന്നു.

Comments are closed.