ഭരണകക്ഷി എംഎല്‍എമാരെ ഗുരുഗ്രാമിലെ ഹോട്ടലില്‍ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്
ദില്ലി: ദില്ലി – ഹരിയാന അതിര്‍ത്തിയിലുള്ള ഗുരുഗ്രാമിലെ ഹോട്ടലില്‍ എട്ട് ഭരണകക്ഷി എംഎല്‍എമാരെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസിലെ നാല് എംഎല്‍എമാരും സര്‍ക്കാരിനെ താങ്ങി നില്ക്കുന്ന നാല് സ്വതന്ത്രരുമാണ് ഗുരുഗ്രാമിലെ പഞ്ചനക്ഷത്രഹോട്ടലിലുള്ളത്. എംഎല്‍എമാരില്‍ ഒരാളായ ബിസാഹുലാല്‍ സിംഗാണ് തന്നെ ഈ വിവരം വിളിച്ചറിയിച്ചതെന്ന് മധ്യപ്രദേശ് മന്ത്രി തരുണ്‍ ഭാനോട്ട് പറയുന്നു.
തുടര്‍ന്ന് ഗുരുഗ്രാമിലെ ഐടിസി മറാത്ത ഹോട്ടലില്‍ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും, പുറത്തേക്ക് പോകാന്‍ വിടുന്നില്ലെന്നും ബിസാഹുലാല്‍ സിംഗ് പറഞ്ഞതായും ഫോണ്‍ കോള്‍ കിട്ടിയതിന് പിന്നാലെ മധ്യപ്രദേശിലെ രണ്ട് മന്ത്രിമാര്‍ ഉടനടി ഹോട്ടലിലെത്തിയെങ്കിലും അകത്തേക്ക് കയറാന്‍ അനുമതി പോലും നല്‍കാതെ തടയുകയായിരുന്നെന്നും തരുണ്‍ ഭാനോട്ട് പറഞ്ഞു.
”ഹരിയാനയില്‍ ബിജെപി സര്‍ക്കാരാണ് എന്നതുകൊണ്ടുതന്നെ, അവര്‍ക്കവിടെ എന്തുമാകാമല്ലോ. ഞങ്ങളുടെ മന്ത്രിമാരായ ജയ്വര്ദ്ധന് സിംഗും ജീതു പട്വാരിയുമാണ് ഹോട്ടലിലെത്തിയത്. ബിജെപി എംഎല്‍എ നരോത്തം മിശ്രയും അനുയായികളും അവരെ അവിടെ തടയുകയാണ്”, എന്ന് തരുണ്‍ ഭാനോട്ട് വ്യക്തമാക്കി.
അതേസമയം മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനെയും മുന്‍ ബിജെപി മന്ത്രിയും നിലവില്‍ എംഎല്‍എയുമായ നരോത്തം മിശ്രയെയും ഉന്നമിട്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ തന്റെ സര്‍ക്കാരിനെ അടിതെറ്റിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും, എംഎല്‍എമാര്‍ക്ക് കോഴ നല്കി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആരോപിച്ചിരുന്നു.
Comments are closed.