നിര്‍മ്മാതാക്കള്‍ക്ക് 32 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം

കൊച്ചി: ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളുമായി കഴിഞ്ഞ നാലുമാസത്തോളമായി തുടരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ നടന്ന അമ്മയുടെ യോഗത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് 32 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ പറഞ്ഞു. ഇന്നലെ നടന്ന അമ്മയുടെ യോഗത്തിനിടെ നിര്‍മ്മാതാക്കളുടെ സംഘടനയുമായി അമ്മ ഭാരവാഹികള്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് നഷ്ടപരിഹാരത്തുക സ്വീകരിക്കാന്‍ തയ്യാറാണെന്നും ഷെയ്ന്റെ വിലക്ക് ഇതിന്ശേഷം നീക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ഇന്ന് താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മില്‍ ചര്‍ച്ച നടക്കുന്നതാണ്. ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളുമായുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് വെയ്ല്‍, കുര്‍ബാനീ എന്നീ രണ്ടു ചിത്രങ്ങളാണ് പ്രതിസന്ധിയിലായത്. ഒരു കോടി രൂപയായിരുന്നു നേരത്തെ നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. വെയ്ല്‍ സിനിമയില്‍ നിന്ന് ഷെയ്ന് ലഭിക്കാനുള്ള ബാക്കിത്തുകയായ 16 ലക്ഷം വേണ്ടെന്നു വച്ചു.

മറ്റൊരു 16 ലക്ഷം കൂടി നിര്‍മ്മാതാക്കളുടെ സംഘടനയെ ഏല്‍പ്പിക്കാനുമാണ് ധാരണ. ചര്‍ച്ച തീരുമാനമായാല്‍ ഷെയ്ന്‍ ഈ ചിത്രങ്ങളില്‍ തുടര്‍ന്നും അഭിനയിക്കുന്നതാണ്. അതേസമയം അന്തിമ തീരുമാനം ഇന്ന് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമാകും കൈക്കൊള്ളുകയെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. എന്നാല്‍ സംഘടനയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഷെയ്ന്‍ പ്രതികരിച്ചു.

Comments are closed.