ഡല്‍ഹി കലാപം : തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി

ന്യുഡല്‍ഹി: ഡല്‍ഹി കലാപം തുടര്‍ച്ചയായ മൂന്നാം ദിവസവും മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നും ആരോപിച്ച് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം ഭേദഗതി ബില്‍, പ്രത്യക്ഷ നികുതി വിവദ് സെ വിശ്വാസ് ബില്‍, മിനറല്‍ നിയമ ഭേദഗതി ബില്‍, എയര്‍ക്രാഫ്റ്റ് ഭേദഗതി ബില്‍ എന്നിങ്ങനെ നാലു ബില്ലുകളാണ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്.

പാര്‍ലമെന്റ് ചേരുന്നതിനു മുന്‍പേ ഇടതുകക്ഷികളിലെ അംഗങ്ങള്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധം രേഖപ്പെടുത്തി. നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കിയിരുന്നു. മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അംഗവും രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.

തുടര്‍ന്ന് ലോക്സഭ 12 മണിവരെയും രാജ്യസഭ ഇന്നത്തേക്കും പിരിഞ്ഞു. എന്നാല്‍ ഡല്‍ഹി കലാപം 11ന് ലോക്സഭയിലും 12ന് രാജ്യസഭയിലും ചര്‍ച്ച ചെയ്യാന്‍ തയ്യറാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു. ചര്‍ച്ച നടത്താമെന്ന് അറിയിച്ചിട്ടും സഭ തടസ്സപ്പെടുത്താന്‍ വേണ്ടി മാത്രമാണ് പ്രതിപക്ഷം ബഹളം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Comments are closed.