ബിഹാറിലെ 3.5 ലക്ഷം വരുന്ന കരാര്‍ അധ്യാപകര്‍ നടത്തുന്ന സമരം ശക്തം : സ്‌കൂളുകളിലെ ഹാജര്‍നിലയില്‍ കുറവ്

പട്ന: ബിഹാറിലെ 3.5 ലക്ഷം വരുന്ന കരാര്‍ അധ്യാപകര്‍ നടത്തുന്ന സമരം ശക്തമായി മുന്നേറുമ്പോള്‍ സ്‌കൂളുകളിലെ ഹാജര്‍നില ക്രമാതീതമായി കുറയുകയാണ്. ശമ്പളത്തിലെ തുല്യത അവകാശപ്പെട്ട് ഫെബ്രുവരി 17നാണ് സംസ്ഥാനത്തെ പലഭാഗത്തും സമരം ആരംഭിച്ചത്. 75,000 സ്‌കൂളുകളാണ് ബിഹാറിലുള്ളത്. എന്നാല്‍ ഉച്ചഭക്ഷണ വിതരണവും നിലച്ചതോടെ സംസ്ഥാനത്തെ 45,000 ഓളം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍നില 70%-80% വരെ കുറഞ്ഞു. തുല്യജോലിക്ക് തുല്യ ശമ്പളമാണ് അധ്യാപകരുടെ ആവശ്യം.

എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം നിലവില്‍ കരാര്‍ അധ്യാപകര്‍ക്ക് ലഭിക്കുന്ന ശമ്പളം18,000-30,000 രൂപയാണ്. റെഗുലര്‍ അധ്യാപകര്‍ക്കാകട്ടെ ഇത് 60,000-90,000 രൂപയാണ്. കരാര്‍ അധ്യാപകര്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് വിദ്യാഭ്യാസമന്ത്രി കൃഷ്ണ നന്ദന്‍ പ്രസാദ് വര്‍മ്മ പറയുന്നത്.

സമരം വന്നതോടെ അധ്യാപനവും മൂല്യനിര്‍ണയവും ഉച്ചഭക്ഷണ പദ്ധതിയും മുടങ്ങി. സംസ്ഥാനത്ത് ഏകദേശം 73,000 സര്‍ക്കാര്‍ റെഗുലര്‍ അധ്യാപകരാണുള്ളത്. ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ കരാര്‍ അധ്യാപകരെ വച്ചാണ് ഉച്ചഭക്ഷണ പദ്ധതിവരെ നടത്തുന്നത്. 30 ശതമാനത്തോളം സ്‌കൂളുകളില്‍ പ്രധാന അധ്യാപകന്റെ ചുമതല അടക്കം കരാര്‍ അധ്യാപകരിലാണ്. ഇവയെല്ലാം ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്.

Comments are closed.