ഡൊമിനാര്‍ 400 ന്റെ കുഞ്ഞന്‍ മോഡലുമായി ബജാജ് എത്തുന്നു

രാജ്യത്തെ ഏറ്റവും ജനപ്രിയമായ പ്രീമിയം സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നായ ഡൊമിനാർ 400 ന്റെ കുഞ്ഞൻ മോഡലുമായാണ് ബജാജ് എത്തുന്നത്. ടൂറിംഗ് സ്പോർട്‌സ് മോട്ടോർസൈക്കിളെന്ന നിലയിൽ വിപണിയിൽ തരംഗമായി മാറിയ മോഡലിന്റെ പുറത്തിറക്കുന്നതോടെ 250 സിസി ശ്രേണി പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബജാജ് ഓട്ടോ.

നിലവിലുള്ള ഡൊമിനാർ 400 ന് പകരം താങ്ങാനാവുന്ന അല്ലെങ്കിൽ വിലകുറഞ്ഞ ബദലായിരിക്കും ഡൊമിനാർ 250. എഞ്ചിൻ മാറ്റി നിർത്തിയാൽ രണ്ട് ബൈക്കുകളും സമാനമാണ്. പുതിയ കുഞ്ഞൻ ബൈക്ക് വരും ദിവസങ്ങളിൽ വിപണിയിൽ ഇടംപിടിക്കും. അതിന്റെ ഭാഗമായി ഡൊമിനാർ 250 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി.

ഷോറൂമുകളിൽ എത്തിതുടങ്ങിയ D250 ബാഡ്‌ജുള്ള ഡൊമിനാർ 250-യുടെ ആദ്യ ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവിട്ടു. 400 നെ അപേക്ഷിച്ച് നോക്കുമ്പോൾ പുതിയ കളർ ഓപ്ഷനുകളിൽ വാഹനം വിപണിയിൽ അണിനിരക്കും. റെഡ് കളർ ഓപ്ഷൻ ലഭിക്കുമെന്ന് ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. ഡൊമിനാർ 400 നിലവിൽ വൈൻ ബ്ലാക്ക്, ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനിൽ മാത്രമാണ് ലഭ്യമാകുന്നത്.

കുറഞ്ഞ ചെലവിൽ പുതിയ സ്വിംഗ്-ആം, അൽപം വ്യത്യസ‌്‌തമായ അലോയ് വീലുകൾ എന്നിവയും ഡൊമിനാർ 250 യിൽ ലഭ്യമാകും. ഒരു ബിഎസ്-VI സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബജാജ് ഡൊമിനാർ 250 മോഡലിന് കരുത്തേകുന്നത്. ഇത് അടുത്തിടെ വിപണിയിലെത്തിയ കെടിഎം ഡ്യൂക്ക് 250 ബിഎസ്-VI ൽ നിന്ന് കടമെടുത്തതാണ്.

ഡ്യൂക്ക് 250 യിൽ ഈ യൂണിറ്റ് 28 bhp പവറും 24 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഡൊമിനാർ 250 പതിപ്പും ഇതേ പവർ കണക്കുകൾ വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് സ്‌പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കുന്നത്.

നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ബജാജ് ഡൊമിനാർ 250 ക്ക് 1.60 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഓൺ റോഡ് വില ഏകദേശം 1.93 ലക്ഷം രൂപ വരെ ആയേക്കാം. ഈ വിലകൾ‌ ശരിയാണെങ്കിൽ‌, ഡൊമിനാർ‌ 400 ബി‌എസ്-VI നെ അപേക്ഷിച്ച് ഏകദേശം 32,000 രൂപ കുറവായിരിക്കും 250 സിസി പതിപ്പിന്.

പ്രതിമാസം 10,000 യൂണിറ്റുകൾ വിൽക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബജാജ് ഡൊമിനാർ 400 പുറത്തിറക്കിയത്. എന്നാൽ ഡൊമിനാർ വിൽപ്പന എങ്ങുമെത്തുന്നില്ലെന്നതാണ് വാസ്‌തവം. ആദ്യ മാസങ്ങളിൽ ശരാശരി 2,500 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്താൻ 400 ന് സാധിച്ചെങ്കിലും അടുത്ത കാലത്തായി വിൽപ്പനയിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.

2020 ജനുവരിയിൽ ഡൊമിനാർ 400 ന്റെ 130 യൂണിറ്റുകൾ മാത്രമാണ് ബജാജിന് വിൽക്കാനായത്. ഡൊമിനാർ 250 അവതരിപ്പിക്കുന്നതോടെ ഡൊമിനാർ ബ്രാൻഡിന്റെ വിൽപ്പന വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Comments are closed.