കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലുണ്ടായ സംഘര്‍ഷം : സമരത്തില്‍ കുടുങ്ങി കാച്ചാണി സ്വദേശി കുഴഞ്ഞുവീണു മരിച്ചു.

തിരുവനന്തപുരം: കിഴക്കേകോട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ സമരത്തില്‍ കുടുങ്ങി കാച്ചാണി സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കാച്ചാണി സ്വദേശി സുരേന്ദ്രന്‍ (64) എന്ന യാത്രക്കാരനാണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി, സംസ്ഥാന, അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ മുടക്കി ജീവനക്കാര്‍ സമരത്തിനിറങ്ങി. നഗരവീഥികളില്‍ കിലോമീറ്ററുകളോളം ബസുകള്‍ തലങ്ങും വിലങ്ങും നിറുത്തിയിട്ടത് ഗതാഗതക്കുരുക്കുണ്ടാക്കുകയായിരുന്നു.

അതേസമയം മിന്നല്‍ സമരം തീര്‍ക്കാന്‍ ഭരണാധികാരികള്‍ സമയോചിതമായി ഇടപെട്ടിരുന്നില്ല. അതേസമയം നിയമസഭയില്‍ ഗതാഗതമന്ത്രി അപ്പോള്‍ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ച നടത്തുകയായിരുന്നു. സ്വകാര്യബസുമായുള്ള തര്‍ക്കത്തില്‍ ഇടപെട്ട പൊലീസ്, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ലോപ്പസിനെ കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടു പോകുകയും ചെയ്തതാണ് മിന്നല്‍ സമരത്തിന് കാരണമായത്.

ലോപ്പസിനെ വിടാതെ ബസില്‍ കയറില്ലെന്ന് ജീവനക്കാരും അറസ്റ്റില്‍ നിന്ന് പിന്‍മാറാതെ പൊലീസും വാശിപിടിച്ചു. എന്നാല്‍ കുഴഞ്ഞുവീണ യാത്രക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചതോടെയാണ് ജീവനക്കാരും പൊലീസും വഴങ്ങിയത്.

Comments are closed.