കെ.എസ്.ആര്‍.ടി.സി സമരം : അഞ്ചു മണിക്കൂറോളം സമരം നടത്തുകയും ഹൃദ്രോഗി മരിക്കാനിടയാകുകയും ചെയ്തതില്‍ വിമര്‍ശനവുമായി മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സമരത്തെത്തുടര്‍ന്ന് ഗതാഗത തടസ്സം സൃഷ്ടിച്ചു അഞ്ചു മണിക്കൂറോളം സമരം നടത്തുകയും ഹൃദ്രോഗി മരിക്കാനിടയാകുകയും ചെയ്ത സംഭവത്തില്‍ സമരക്കാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം ജനങ്ങളോട് നടത്തിയ യുദ്ധമാണ്. ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ശമ്പളം നല്‍കി തീറ്റിപ്പോറ്റുമ്പോള്‍ ഇതൊന്നും ചിന്തിക്കാതെയുള്ള മര്യാദകേടാണ് കാട്ടിയതെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്നത് ജനങ്ങളുടെ നികുതിപ്പണം എടുത്താണ്. ഇത് അങ്ങേയറ്റം മര്യാദകേടാണ് കാട്ടിയതെന്നും പറഞ്ഞു. സമരം ചെയ്യാനുള്ള സമരക്കാരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. കിഴക്കേക്കോട്ട പോലെയുള്ള പ്രധാനവഴിയില്‍ വാഹനം തലങ്ങും വിലങ്ങും കൊണ്ടിട്ട് സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ നാട്ടുകാരുടെ ഗതാഗത സ്വതന്ത്ര്യം തടയുന്നത് പോലെയുള്ള കാര്യങ്ങള്‍ വെച്ചു പൊറുപ്പിക്കാനാകില്ല. ഇതിനെയാണ് അക്രമം എന്ന് പറയുന്നത്. ഇത്തരം കാര്യത്തില്‍ കര്‍ശനമായിട്ടുള്ള നിലപാട് എടുക്കേണ്ടതുണ്ട്.

വാഹനങ്ങള്‍ പെതുവഴിയില്‍ കൊണ്ടു പോയി ഇട്ട ശേഷം സമരക്കാര്‍ പോയി. ഇത് കാരണം ഈ വാഹനങ്ങള്‍ എടുത്തുമാറ്റാന്‍ പോലും കഴിഞ്ഞില്ല. ഇന്നലെ സിഐടിയു വിഭാഗത്തില്‍ പെട്ട തൊഴിലാളികള്‍ ഈ സമരത്തില്‍ പങ്കെടുത്തിരുന്നില്ല. മറ്റൊരു സമരവുമായി രാജ്ഭവന് മുന്നിലായിരുന്നു. അതുകൊണ്ടു തന്നെ സര്‍ക്കാരിനോട് സഹകരിക്കുന്ന ആള്‍ക്കാരോട് വാഹനങ്ങള്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലൂം കഴിഞ്ഞില്ല. സിഐടിയു പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നെങ്കില്‍ ഏതെങ്കിലും തരത്തില്‍ വാഹനങ്ങള്‍ മാറ്റുമായിരുന്നു എന്നും പറഞ്ഞു.

ഇന്നലെ കാണിച്ചതിന് യാതൊരു ന്യായീകരണവുമില്ല. നടന്നത് അന്യായമെന്നും മനസ്സാക്ഷി ഇല്ലാതെയാണ് യൂണിയന്‍ സമരം നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ച ശേഷം എത്തിയ മന്ത്രി സുരേന്ദ്രന്റെ വീട്ടിലെ സാമ്പത്തീക പ്രതിസന്ധിയും വീടില്ലാത്ത കാര്യവും സാമ്പത്തീക നിലയും മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും ഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ള മറ്റു മന്ത്രിമാരുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യുമെന്നും പറയുന്നു.

Comments are closed.