ലോട്ടറി വില്‍പ്പനയ്ക്കിടെ കവര്‍ച്ചയിടയായ ലോട്ടറി വില്‍പ്പനക്കാരന്‍ ജീവനൊടുക്കി

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ ലോട്ടറി വില്‍പ്പനയ്ക്കിടെ കവര്‍ച്ചയിടയായ ലോട്ടറി വില്‍പ്പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലോട്ടറി കച്ചവടം നടത്തിയിരുന്ന മാങ്ങാട്ടിടം ദേശബന്ധുവിനു സമീപം ആമ്പിലാട്ടെ മലര്‍വടിയില്‍ യു.സതീശനെ (59)യാണ് ഇന്നലെ പുലര്‍ച്ചെ കാനത്തുംചിറയിലെ മരമില്ലിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ നാലരയ്ക്ക് ടിക്കറ്റ് വില്‍പ്പനയ്ക്കു പോകുമ്പോള്‍ എലിപ്പറ്റച്ചിറയില്‍ എസ്.ബി.ഐയ്ക്ക് സമീപം വാനിലെത്തിയ കവര്‍ച്ചാസംഘം സതീശനെ ആക്രമിച്ച് ബാഗിലുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകളും 850 രൂപയും തട്ടിയെടുക്കുകയായിരുന്നു. ലോട്ടറി ടിക്കറ്റ് ആവശ്യപ്പെട്ട് സതീശന്റെ മുചക്ര വാഹനത്തിനു സമീപം വാന്‍ നിര്‍ത്തിയ അക്രമി സംഘം മുഖത്ത് മുളക് സ്പ്രേ ചെയ്തശേഷം ബാഗ് തട്ടിയെടുക്കുകയും തുടര്‍ന്ന് ബോധം നഷ്ടമായ സതീശനെ് അതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് ആശുപത്രിയില്‍ എത്തിച്ചത്.

തുടര്‍ന്ന് കൂത്തുപറമ്പ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനു ശേഷം വീടിനു പുറത്തേക്ക് പോലും ഇറങ്ങാതെ മാനസിക വിഷമത്തിലായിരുന്നു സതീശനെന്ന് വീട്ടുകാര്‍ പറഞ്ഞു. അതേസമയം അഞ്ചു വര്‍ഷം മുന്‍പ് ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന രോഗം ബാധിച്ച് ശരീരം തളര്‍ന്നുപോയ ആളാണ് സതീശന്‍. അതിനു ശേഷമാണ് ജീവിക്കാനായി ലോട്ടറി വില്‍പ്പനയിലേക്ക് തിരിഞ്ഞത്. അതുവരെ സഹോദരന്റെ മരമില്ലിലായിരുന്നു ജോലി. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്നും പോയ സതീശനെ മരമില്ലിനു സമീപം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യ: പുഷ്പ. മക്കള്‍: സൗമ്യ, സിനോയ്. മരുമകന്‍: വിജേഷ്.

Comments are closed.