ജമ്മു കാശ്മീരിനെ കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്താന് കൈമാറിയെന്ന സംശയത്തില്‍ യുവാവ് കസ്റ്റഡിയില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പാകിസ്താന് കൈമാറിയെന്ന സംശയത്തെത്തുടര്‍ന്ന് ജമ്മുവിലെ സാംബ സ്വദേശി പങ്കജ് ശര്‍മ്മയെ ഇന്റലിജന്‍സ് ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തു. ഇയാള്‍ പാകിസ്താന്‍ ഇന്റലിജന്‍സ്് ഏജന്‍സികളുടെ ചാരനായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും പാകിസ്താനില്‍ വിവരങ്ങള്‍ കൈമാറുന്ന ആളുകളുമായി ഇയാള്‍ക്ക് മുന്‍പും ബന്ധമുണ്ടായിരുന്നുവെന്നുമാണ് ഇന്റലിജന്‍സ് ബ്യുറോ സംശയിക്കുന്നത്.

സാമ്പത്തിക നേട്ടത്തിനു വേണ്ടി ജമ്മു, സാംബ, കത്വ ജില്ലകളിലെ സുപ്രധാന മേഖലകളുടെ വിവരങ്ങളാണ് ഇയാള്‍ പാകിസ്താനി ഏജന്റിന് കൈമാറിയത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ പങ്കജ് ശര്‍മ്മ കുറ്റം സമ്മതിച്ചതായും അധികൃതര്‍ അറിയിച്ചു. സംശയകരമായ സാഹചര്യത്തില്‍ സാമ്പത്തിക ഇടപാടുകള്‍ ഇയാളുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്തുകൊണ്ട് പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയ ഏഴ് നാവികരെയും ഒരു ഹവാല ഇടപാടുകാരനേയും കഴിഞ്ഞ വര്‍ഷം വിശാഖപട്ടണത്തുനിന്നും അറസ്റ്റു ചെയ്തിരുന്നു.

Comments are closed.