കൊല്ലത്ത് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊല്ലം: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ കരുനാഗപ്പള്ളി പോലീസിന്റെ പിടിയില്‍. രാവിലെ സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ നാടോടി സ്ത്രീ കൈയില്‍ പിടിച്ചുവലിച്ച്‌ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുമ്പോള്‍ നാടോടി സ്ത്രീ കൈയില്‍ പിടിച്ചുവലിച്ച്‌ തന്റെ കൂടെ വരണമെന്ന് പറയുകയും എതിര്‍ത്തപ്പോള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് വിദ്യാര്‍ത്ഥിനി പോലീസിനോട് പറഞ്ഞു.അവസരോചിതമായി നാടോടി സ്ത്രീയുടെ പിടിയില്‍ നിന്നും കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു.

ശേഷം നാട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് നാടോടി സ്ത്രീയെ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. തെങ്കാശി സ്വദേശിയാണ് സ്ത്രീയെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. തെങ്കാശി സ്വദേശിയായ ഷണ്മുഖന്‍ എന്നയാളാണ് തന്നെ കൊല്ലത്തേക്ക് കൊണ്ടുവന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

കരുനാഗപ്പള്ളി പ്രദേശത്ത് കറങ്ങിനടന്നിരുന്ന ഇവര്‍ മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചു. എന്നാല്‍ ഇത് അഭിനയമാണോ എന്നും പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.