പത്ത് വര്‍ഷത്തില്‍ പ്രിന്‍സിപ്പല്‍ പേയ്മെന്റ് നടത്താനുള്ള അനുവാദം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് വോഡാഫോണ്‍

എ‌ജി‌ആർ‌ പ്രശ്‌നം കാരണം വോഡാഫോൺ‌-ഐഡിയയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഏകദേശം 53,000 കോടി രൂപയാണ് വോഡാഫോണിന് എജിആർ കുടിശ്ശികയായി സർക്കാരിലേക്ക് അടയ്ക്കേണ്ടത്. എജിആർ കുടിശ്ശിക ഇനത്തിൽ 3,500 കോടി രൂപ സർക്കാരിന് ഇതുവരെ കമ്പനി നൽകി. വരും ദിവസങ്ങളിൽ മന്ത്രാലയത്തിൽ നിന്ന് അൽപം ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വോഡാഫോൺ.

കമ്പനിയുടെ സ്ഥിതി ഗുരുതരമാണെന്ന് വോഡാഫോൺ സിഇഒ നിക്ക് റീഡ് പറഞ്ഞതായി പിടിഐയുടെ പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നു. സ്പെക്ട്രം പേയ്മെന്റുകൾ, ലൈസൻസ് ഫീസും നികുതികളും കുറയ്ക്കുക, എജിആർ (ക്രമീകരിച്ച മൊത്ത വരുമാനം) കേസിലെ പലിശയും പിഴയും ഒഴിവാക്കുക, പത്ത് വർഷത്തിൽ പ്രിൻസിപ്പൽ പേയ്‌മെന്റ് നടത്താനുള്ള അനുവാദം അതിനൊപ്പം രണ്ട് വർഷത്തെ മൊറട്ടോറിയം എന്നിവയ്ക്കായി സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് നിക്ക് റീഡ് പറഞ്ഞു.

വോഡാഫോൺ ഐഡിയ ലിമിറ്റഡ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് (ഡോട്ട്) ഇത്തവണത്തെ കുടിശ്ശിക അടച്ചതിന് ശേഷമാണ് പ്രസ്താവന. ക്രമീകരിച്ച മൊത്ത വരുമാനവുമായി (എജിആർ) ബന്ധപ്പെട്ട കേസിൽ ഒക്ടോബറിലാണ് സുപ്രീം കോടതി ടെലിക്കോം കമ്പനികൾക്ക് പ്രതികൂലമായ വിധി പ്രസ്താവിച്ചത്. ഇതിനെ തുടർന്ന് പലപ്പോഴായി വോഡാഫോൺ ഐഡിയ കേന്ദ്രസർക്കാരിനെ സഹായത്തിനായി സമീപിച്ചിരുന്നു.

കുടിശ്ശിക അടയ്ക്കാൻ കുറച്ച് സമയം കൂടി ലഭിക്കണമെന്ന ആവശ്യവുമായി വോഡഫോൺ-ഐഡിയയും എയർടെല്ലും സുപ്രീം കോടതിയിൽ റിവ്യൂ ഹർജികൾ സമർപ്പിച്ചിട്ടുണ്ടെന്ന് നിക്ക് റീഡ് പറഞ്ഞു. എന്നാൽ എജിആർ കുടിശ്ശിക അടയ്ക്കാൻ കൂടുതൽ സമയം നൽകാൻ സുപ്രീം കോടതി വിസമ്മതിക്കുകയും 2020 മാർച്ച് 17 നകം മുഴുവൻ തുകയും നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

വോഡഫോണിന്റെ സിഇഒ ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് നിരവധി അഭ്യൂഹങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. കമ്പനിയുടെ സിഇഒ ടെലികോം മന്ത്രി രവിശങ്കർ പ്രസാദിനെ കണ്ടേക്കും. വോഡാഫോൺ ഐഡിയ ലിമിറ്റഡിൽ 45.39 ശതമാനം ഷെയർ വോഡഫോണിനുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. സർക്കിളിലെ 4 ജി നെറ്റ്‌വർക്ക് ഉയർത്തുന്നതിനായി കമ്പനി പുനെയിൽ ടർബോനെറ്റ് 4 ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Comments are closed.