ബിഎംഡബ്ല്യു X1 എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു
ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു X1 എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. 35.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. സ്പോര്‍ട്ട് X, X ലൈന്‍, M സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 2010 -ലാണ് ബിഎംഡബ്ല്യു X1 ഇന്ത്യയിലെത്തുന്നത്. 2018 -ല്‍ രണ്ടാം തലമുറ ബിഎംഡബ്ല്യു X1 -ന്റെ സ്പോര്‍ട്ട് പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു.
ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ബിഎസ് VI ഡീസല്‍, പെട്രോള്‍ എഞ്ചിനുകളില്‍ വാഹനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന വകഭേദമായ M സ്പോര്‍ട്ടിന്റെ വില 42.90 ലക്ഷം രൂപയാണ്. ഡീസല്‍ എഞ്ചിനിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.
X ലൈന്‍ വകഭേദത്തില്‍ മാത്രമാണ് പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകള്‍ ലഭിക്കുകയുള്ളു. തുടക്ക പതിപ്പായ സ്പോര്‍ട്ട് X -ല്‍ പെട്രോള്‍ മോഡല്‍ മാത്രമേ ലഭ്യമാവുകയുള്ളുവെന്നും കമ്പനി അറിയിച്ചു. ബിഎസ് VI പെട്രോള്‍, ഡീസല്‍ എഞ്ചിനിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.
2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 6,000 rpm -ല്‍ 192 bhp കരുത്തും 1,350-4,600 rpm -ല്‍ 280 Nm torqe ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോര്‍ട്ട് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്.
2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലും വാഹനം ലഭ്യമാകും. ഈ എഞ്ചിന് 4,000 rpm -ല്‍ 190 bhp കരുത്തും 1,700-2,500 rpm -ല്‍ 400 Nm torque ഉം ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോര്‍ട്ട് ഗിയര്‍ബോക്സുമായി സംയോജിപ്പിച്ചിരിക്കുന്നു.
എഞ്ചിന് നവീകരണത്തിനൊപ്പം തന്നെ ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ കമ്പനി നല്‍കിയിട്ടുണ്ട്. വലിയ കിഡ്നി ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പോടുകൂടിയ നേര്‍ത്ത എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവയാണ് മുന്നിലെ സവിശേഷതകള്‍.
പുതുക്കിയ മുന്‍ ബമ്പറും, വലിയ സെന്‍ട്രല്‍ എയര്‍ ഡാമും, എല്‍ഇഡി ഫോഗ്ലാമ്പും ചേര്‍ന്ന് വാഹനത്തിന് കൂടുതല്‍ സ്പോര്‍ട്ടി പരിവേഷമാണ് നല്‍കുന്നത്. പുതുക്കിയ അലോയി വീലുകളാണ് വശങ്ങളെ മനോഹരമാക്കുന്നത്.
പിന്‍ഭാഗത്ത്, 2020 ബിഎംഡബ്ല്യു X1 രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പര്‍, വലിയ എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുകള് എന്നിവയും ഉള്‍ക്കൊള്ളുന്നു. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് സമാനമാണ് ഡാഷ്ബോര്‍ഡ്.
എന്നാല്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും. വയര്‍ലെസ് ചാര്‍ജിങ്, ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുമായുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ആംബിയന്റ് ലൈറ്റിങ്, കീലെസ് എന്‍ട്രി, പനോരമിക് സണ്‍റൂഫ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, ക്ലൈമറ്റ് കണ്ട്രോള് എന്നിവയാണ് പുതിയ വാഹനത്തിലെ അകത്തളത്തിലെ പ്രധാന മാറ്റങ്ങള്‍.
ആറു എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഡൈനാമിക് സ്റ്റെബിലിറ്റി കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള്, ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റണ്‍ഫ്ലാറ്റ് ടയറുകള്‍ എന്നിവയാണ് വാഹനത്തിലെ സുരക്ഷാ സന്നാഹങ്ങള്‍. 12 നിറങ്ങളിലും വാഹനം വിപണിയില്‍ ലഭ്യമാകും.
Comments are closed.