പൊലീസിലെ വന്‍ ക്രമക്കേടുകളുടെ വിവരങ്ങളും രേഖകളും പുറത്തായതിനെക്കുറിച്ച് രഹസ്യാന്വേഷണത്തിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ നിഗൂഢത

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിനു പിന്നാലെ, പൊലീസിലെ വന്‍ ക്രമക്കേടുകളുടെ വിവരങ്ങളും രേഖകളും പുറത്തായതിനെക്കുറിച്ച് രഹസ്യാന്വേഷണത്തിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ നിഗൂഢതയെന്നും ഉത്തരവിന്റെ യഥാര്‍ത്ഥ ലക്ഷ്യം വ്യാപകമായ ഫോണ്‍ ചോര്‍ത്തലാണെന്നുമാണ് ആക്ഷേപം. തുടര്‍ന്ന് ആഭ്യന്തര (ജി ) വകുപ്പ് ജോയിന്റ് സെക്രട്ടറി അജിത് കെ. ജോസഫ് ഇന്നലെ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് അന്വേഷണ സംഘാംഗങ്ങള്‍ക്കും പൊലീസ് മേധാവിക്കും മാത്രമാണ് നല്‍കിയത്.

എന്നാല്‍ ഉത്തരവിന്റെ മറവില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രതിപക്ഷത്തിന്റെയും പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെയും ഫോണ്‍ ചോര്‍ത്തുമെന്നും ആക്ഷേപമുണ്ട്. സി.എ.ജി റിപ്പോര്‍ട്ടിന് തൊട്ടുപിന്നാലെ പൊലീസ് ആസ്ഥാനത്തെ ഫയലുകളടക്കം കൂട്ടത്തോടെ ചോര്‍ന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് നേതൃത്വം വ്യക്തമാക്കുന്നത്.

ഡി.ജി.പിയുടെ രഹസ്യ ഫണ്ട് രണ്ടു കോടിയില്‍ നിന്ന് അഞ്ചു കോടിയായി ഉയര്‍ത്തിയതു മുതല്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതു വരെയുള്ള രഹസ്യ ഫയലുകള്‍ പോലും ചോര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. അതേസമയം ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ ഇടപാടുകളുടെ ഫയല്‍ ചോര്‍ന്നത് സുരക്ഷാ ഭീഷണിയാണെന്നും ഡി.ജി.പി ലോക് നാഥ് ബെഹ്‌റ മുഖ്യമന്ത്രിയെ അറിയിച്ചതോടെയാണ് രഹസ്യാന്വേഷണത്തിനും കര്‍ശന നടപടിക്കും നിര്‍ദ്ദേശം നല്‍കിയത്.

Comments are closed.