പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികളില്‍ മറുപടി ഫയല്‍ ചെയ്യുന്നത് വൈകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ഹോളി അവധിക്ക് ശേഷം പരിഗണിക്കണമെന്ന ഹര്‍ജിക്കാരായ ലീഗിന്റെ ആവശ്യം പരിഗണിക്കുകയായിരുന്ന കോടതി കേന്ദ്രം മറുപടി ഫയല്‍ ചെയ്യാത്തത് ലീഗിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് എന്താണ് മറുപടി വൈകുന്നതെന്ന് അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ ചോദിച്ചു. മറുപടി തയ്യാറാക്കുന്നത് അന്തിമഘട്ടത്തില്‍ ആണെന്നും രണ്ട് ദിവസത്തിനകം ഫയല്‍ ചെയ്യുമെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

അതേസമയം ജനുവരി 22ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ നിയമം സംബന്ധിച്ച വിശദീകരണം നല്‍കാന്‍ കേന്ദ്രത്തിന് നാല് ആഴ്ചയാണ് അനുവദിച്ചത്. അഞ്ചാമത്തെ ആഴ്ചയിലെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒന്നില്‍ കേസ് പരിഗണിക്കാം എന്നും പറഞ്ഞു. ഇത് പ്രകാരം കഴിഞ്ഞ മാസം 27ന് എങ്കിലും കേസ് പരിഗണിക്കണമായിരുന്നു. ഇത് ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് ലീഗ് അറിയിച്ചത്.

എന്നാല്‍ ഹര്‍ജികള്‍ ശബരിമല കേസിന്റെ ഇടവേളയില്‍ കേള്‍ക്കണമോ എന്ന് ഹോളി അവധിക്ക് ശേഷം തീരുമാനിക്കാം എന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഇടക്കാല ഉത്തരവ് ലഭിക്കാന്‍ ശബരിമല കേസിന്റെ ഇടവേളയില്‍ രണ്ട് മണിക്കൂര്‍ വാദത്തിന് നല്‍കണം എന്ന് ലീഗിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു.

Comments are closed.