നടിയെ ആക്രമിച്ച കേസില്‍ ഇന്ന് നടി ഭാമയെ പ്രോസിക്യൂഷന്‍ വിസ്തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന മുന്‍ വൈരാഗ്യത്തെക്കുറിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് വിവരം തേടുന്ന സാഹചര്യത്തില്‍ ഇന്ന് നടി ഭാമയെ പ്രോസിക്യൂഷന്‍ വിസ്തരിക്കും. അതേസമയം ദിലീപിന് അനുകൂലമായി മൊഴി നല്‍കിയ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിന് മുമ്പ് നല്‍കിയ മൊഴി പൂര്‍ണമായി തളളിപ്പറഞ്ഞ് കൂറുമാറിയിരുന്നു.

തുടര്‍ന്ന് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷന്‍ ആവശ്യത്തെത്തുടര്‍ന്ന് ഇടവേള ബാബു കൂറുമാറിയതായി വിചാരണ കോടതി പ്രഖ്യാപിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്റെ സിനിമാ അവസരങ്ങള്‍ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്റെ മുന്‍ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു.

താര സംഘടനയായ അമ്മയുടെ കൊച്ചിയില്‍ നടന്ന റിഹേഴ്‌സല്‍ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയിലുണ്ടായിരുന്നു. അതേസമയം ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന ശത്രുതയുടെ തെളിവായിട്ടാണ് ഇടവേള ബാബു അടക്കമുളള സിനിമാ പ്രവര്‍ത്തകരെ പ്രോസിക്യൂഷന്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയിരുന്നത്.

Comments are closed.