യുഎഇയില്‍ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, പരീക്ഷകള്‍ കര്‍ശന സുരക്ഷാ സംവിധാനത്തോടെ നടത്താന്‍ അനുമതി
ദുബായ്: കൊറോണ വൈറസിനെത്തുടര്‍ന്ന് യുഎഇയിലെ സ്കൂളുകള്‍ ഒരുമാസത്തേക്ക് അടച്ചിട്ടെങ്കിലും എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, പരീക്ഷകള്‍ കര്‍ശന സുരക്ഷാ സംവിധാനത്തോടെ നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിരിക്കുകയാണ്. കോവിഡ് 19 നെതിരെയുള്ള ജാഗ്രതാ നടപടികളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ ഒരുമാസത്തേക്ക് സ്കൂളുകള്‍ അടയ്ക്കുമെന്ന് കഴിഞ്ഞ ദിവസം യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ പൊതുപരീക്ഷയുടെ പ്രാധാന്യവും വിദ്യാര്‍ഥികളുടെ ഭാവിയും കണക്കിലെടുത്താണ് ഉപാധികളോടെ പരീക്ഷ നടത്താന്‍ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ഒരു ഹാളില്‍ 15 വിദ്യാര്‍ത്ഥികളെ വീതമായിരിക്കും അനുവദിക്കുന്നത്. അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പില്‍ വിളിച്ചുചേര്‍ത്ത സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് തീരുമാനം.
അതേസമയം യുഎഇ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷ നിശ്ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്നും ആശങ്കപ്പെടാനില്ലെന്നും യോഗത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ എംബസി വിദ്യാഭ്യാസം സെക്രട്ടറി അറിയിച്ചു. സ്കൂളില്‍ ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് സ്കൂള്‍ മാനേജ്മെന്റിന്റെ ബാധ്യതയാണെന്നും, വിദ്യാര്‍ത്ഥികളെ പരീക്ഷാകേന്ദ്രത്തില്‍ എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം മാതാപിതാക്കള്‍ ഏറ്റെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ 1 മുതല്‍ 9 വരെ ക്ലാസുകളിലെയും സിബിഎസ്ഇ11-ാം ക്ലാസിലെയും പരീക്ഷകള്‍ റദ്ദാക്കിയിരിക്കുകയാണ്. ഈ കുട്ടികളുടെ ഒരു വര്‍ഷത്തെ ശരാശരി പഠന നിലവാരം നോക്കി പ്രമോഷന് നല്‍കാനാണ് തീരുമാനം. മോശം പ്രകടനം കാഴ്ചവച്ച കുട്ടികള്‍ക്ക് ഏപ്രിലില്‍ റീ ടെസ്റ്റ് ഉണ്ടാകും. തുടര്‍ന്ന് വിദ്യാഭ്യാസ വര്‍ഷത്തില്‍ നഷ്ടപ്പെടുന്ന ക്ലാസുകള്‍ വേനല്‍, ശൈത്യകാല അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും എടുത്ത് പരിഹരിക്കാമെന്നും യോഗത്തില്‍ തീരുമാനിച്ചു.
Comments are closed.