ഫോക്സ്വാഗണ്‍ പുതിയ ഏഴ് സീറ്റര്‍ ടിഗുവാന്‍ ഓള്‍സ്പേസ് എസ്യുവി വിപണിയില്‍ അവതരിപ്പിച്ചു

ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ പുതിയ ഏഴ് സീറ്റർ ടിഗുവാൻ ഓൾസ്‌പേസ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 33.12 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. ഇന്ത്യൻ വിപണിയിൽ ഇതിനകം തന്നെ നിലവിലുണ്ടായിരുന്ന സ്റ്റാൻഡേർഡ് അഞ്ച് സീറ്റർ ടിഗുവാന്റെ ഏഴ് സീറ്റർ പതിപ്പാണ് പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസ്. ഒരു സികെഡി യൂണിറ്റായാകും പുതിയ എസ്‌യുവിയും ആഭ്യന്തര വിപണിയിലേക്ക് എത്തുക.

ഭാവിയിലെ എല്ലാ ഫോക്സ്‍വാഗൺ ഉൽ‌പ്പന്നങ്ങൾക്കും സമാനമായി, ടിഗുവാൻ ഓൾ‌സ്പേസ് ഒരൊറ്റ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാകും വിപണിയിൽ ലഭ്യമാവുക.

വാഹനത്തിലെ 2.0 ലിറ്റർ ടർബോചാർജ്‌ഡ് ടിഎസ്ഐ എഞ്ചിൻ 187 bhp കരുത്തിൽ 370 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഒരു സ്റ്റാൻഡേർഡ് സെവൻ സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ കമ്പനിയുടെ 4 മോഷൻ ഓൾ-വീൽ ഡ്രൈവ് സംവിധാനവും വാഗ്‌ദാനം ചെയ്യുന്നു.

മൂന്നാം നിരയിലെ ഇരിപ്പിടങ്ങളെ ഉൾക്കൊള്ളുന്നതിനായി മൊത്തത്തിലുള്ള അളവുകളും വീൽബേസും വർധിച്ചിട്ടുണ്ടെങ്കിലും രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പെയ്‌സ് അതിന്റെ ചെറിയ അഞ്ച് സീറ്റർ മോഡലിന് സമാനമായ ഡിസൈൻ ഭാഷ്യം തന്നെയാണ് പിന്തുടരുന്നത്.

ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും ടേൺ ഇൻഡിക്കേറ്ററുകളും ഉള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, പിന്നിൽ എൽഇഡി ടെയിൽ ‌ലൈറ്റുകൾ എന്നിവ പുതിയ ടിഗുവാൻ ഓൾസ്‌പെയ്‌സിലെ സവിശേഷതകളാണ്. ഏഴ് സീറ്റർ എസ്‌യുവിയിൽ 18 ഇഞ്ച് വലിയ അലോയ് വീലുകളാണ് ഇടംപിടിച്ചിരിക്കുന്നത്.

ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്പേസിന്റെ ഇന്റീരിയറിൽ ഡ്യുവൽ-ടോൺ ബ്ലാക്ക് / ബീജ് ക്യാബിൻ ഉപയോഗിച്ച് മനോഹരമായി തയ്യാറാക്കിയ ഡാഷ്‌ബോർഡാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം സെന്റർ കൺസോളിൽ ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു. ഇത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുമായി പൊരുത്തപ്പെടുന്നു.

പുതിയ ഓൾസ്‌പേസിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതറിൽ പൊതിഞ്ഞ മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, പാഡിൽ ഷിഫ്റ്ററുകൾ, പനോരമിക് സൺറൂഫ്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം വിയന്ന ലെതർ- സീറ്റുകൾക്കായി പൊതിഞ്ഞ അപ്ഹോൾസ്റ്ററി, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ചൂട് ഇൻസുലേറ്റഡ് വിൻഡ്ഷീൽഡ്, ഓട്ടോ ഹെഡ്‌ലാമ്പുകൾ, മൊബൈൽ സെൻസറുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് /സ്റ്റോപ്പ്, കീലെസ് എൻട്രി, ഡ്രൈവ് മോഡ് സെലക്ടർ തുടങ്ങിയ സവിശേഷതകളുടെ ഒരു നീണ്ട പട്ടികയും അടങ്ങിയിരിക്കുന്നു.

സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിൽ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പെയ്‌സിന് ഏഴ് എയർബാഗുകൾ, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ഹിൽ-ഡിസന്റ് കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട്, റിയർ ഫോഗ് ലാമ്പുകൾ, ഓട്ടോ ഹോൾഡ് ഫംഗ്ഷൻ, ഇലക്ട്രോണിക് ഇമോബിലൈസർ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവയും വാഗ്‌ദാനം ചെയ്യുന്നു.

ഹബാനെറോ ഓറഞ്ച് മെറ്റാലിക്, പ്യുവർ വൈറ്റ്, റൂബി റെഡ് മെറ്റാലിക്, പെട്രോളിയം ബ്ലൂ, പ്ലാറ്റിനം ഗ്രേ മെറ്റാലിക്, പൈറൈറ്റ് സിൽവർ, ഡീപ് ബ്ലാക്ക് പേൾ എന്നിങ്ങനെ ഏഴ് പുതിയ നിറങ്ങളിൽ ടിഗുവാൻ ഓൾസ്പേസ് തെരെഞ്ഞെടുക്കാം. വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിരുന്നു. . പുതിയ ഏഴ് സീറ്റർ എസ്‌യുവിയുടെ ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Comments are closed.