ദേവനന്ദയുടെ മരണം : പുഴയില്‍ മൃതദേഹം കണ്ടെടുത്ത സ്ഥലത്തല്ല ദേവനന്ദ വീണതെന്ന് ഫൊറന്‍സിക് നിഗമനം

കൊല്ലം : ദേവനന്ദയുടെ മരണത്തെത്തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തില്‍ പുഴയില്‍ മൃതദേഹം കണ്ടെടുത്ത സ്ഥലത്തല്ല ദേവനന്ദ വീണതെന്നാണു ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം. വീടിന് 400 മീറ്റര്‍ അകലെ പള്ളിമണ്‍ ആറിനു കുറുകെ നിര്‍മിച്ച താല്‍ക്കാലിക നടപ്പാലത്തിനടുത്താണു ദേവനന്ദയുടെ (7) മൃതദേഹം കണ്ടത്. അതേസമയം ഈ ഭാഗത്തല്ല കുട്ടി വീണതെന്നും അതിനാല്‍ വീടിന് 70 മീറ്റര്‍ അടുത്തുള്ള കടവില്‍ വീണ ശേഷം ഇവിടേക്ക് ഒഴുകി വന്നതാകാമെന്ന സാധ്യതയും പരിശോധിക്കുകയാണ്.

പള്ളിമണ്‍ ആറിന്റെ പല ഭാഗങ്ങളില്‍ നിന്നു കഴിഞ്ഞ ദിവസം ഫൊറന്‍സിക് വിദഗ്ധര്‍ വെള്ളവും ചെളിയും ശേഖരിച്ചിരുന്നു. ഇതു പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. എന്നാല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് 2 ദിവസത്തിനകം ലഭിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.

തുടര്‍ന്ന് ആദ്യം നല്‍കിയ മൊഴിയും പിന്നീട് പറഞ്ഞതും തമ്മിലുള്ള വൈരുധ്യം പരിശോധിക്കാനായി ദേവനന്ദയുടെ ബന്ധുക്കളില്‍ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ദേവനന്ദയുടേതു മുങ്ങിമരണമാണെന്നാണ് നിഗമനം. എന്നാല്‍ ആറ്റില്‍ വീഴാനുണ്ടായ സാഹചര്യം കൂടി കണ്ടെത്തേണ്ടതുണ്ട്. കുട്ടിയെ കാണാതായ ദിവസം പൊലീസ് നായ തൊട്ടുതാഴത്തെ വീട്ടിലും പിന്നീട് തടയണ മറികടന്ന് ക്ഷേത്രത്തിനു പിന്നില്‍ അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടുമുറ്റത്തും ചെന്നതും കണ്ടെത്തേണ്ടതുണ്ട്.

Comments are closed.