ഐഎസ് ആര്‍ഒ ചാരകേസ് : മാനനഷ്ട കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കി സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി : ഐഎസ് ആര്‍ഒ ചാരകേസില്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടം ഈടാക്കരുതെന്ന കോടതി പരാമര്‍ശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ മാനനഷ്ട കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതേസമയം തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരാണ് ഇതിന് കൂട്ടു നിന്നതെന്നും കാണിച്ച് നേരത്തെ നമ്പി നാരായണന്‍ കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് അന്നത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഒരു കോടി 30 ലക്ഷം ആവശ്യപ്പെട്ട് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നമ്പി നാരായണന് പണം നല്‍കാനും അതിന് ശേഷം സുപ്രീം കോടതി കുറ്റക്കാരെന്ന് നിരീക്ഷിച്ച ഉദ്യോഗസ്ഥരില്‍ നിന്നും ഈ പണം ഈടാക്കാനുമായിരുന്നു ധാരണ.

ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക നല്‍കുകയും കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസ് നമ്പി നാരായണന്‍ പിന്‍വലിക്കുകയുമായിരുന്നു. എന്നാല്‍ കോടതിയുടെ മുമ്പാകെ സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. കോടതിയുടെ പരിഗണയില്‍പ്പെടാത്ത കാര്യമാണെന്നും ഇത് നീക്കം ചെയ്യണമെന്നും രേഖകളിലെ പരാമര്‍ശം നീക്കം ചെയ്താല്‍ മാത്രമേ തുടര്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ എന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Comments are closed.