യെസ് ബാങ്കിന്റെ സ്ഥാപകന്‍ റാണാ കപൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍

മുംബൈ: യെസ് ബാങ്കിന്റെ സ്ഥാപകന്‍ റാണാ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ നേരത്തെ റാണാ കപൂറിനെതിരെ ഇഡി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കൂടാതെ ഇയാളുടെ മുംബൈയിലെ വസതിയില്‍ ഇഡി നേരത്തെ റെയ്ഡും നടത്തിയിരുന്നു. അതേസമയം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിനെ സഹായിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും എസ്ബിഐയും രംഗത്ത് എത്തിയിരുന്നു.

ഇടപാടുകാര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ യെസ് ബാങ്കിന് ആയിരം കോടി രൂപ വരെ അടിയന്തരമായി നല്‍കാന്‍ ആര്‍ബിഐ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആര്‍ബിഐ ആക്ട് 17 പ്രകാരമാണ് ഈ അസാധാരണ നടപടിയെടുത്തത്. വായ്പയായിട്ടാവും റിസര്‍വ് ബാങ്ക് യെസ് ബാങ്കിന് പണം അനുവദിക്കുക എന്നാണ് വിവരം. ഇടപാടുകാര്‍ക്ക് തിരികെ നല്‍കാന്‍ പണമില്ലാതെ യെസ് ബാങ്ക് ശാഖകള്‍ പ്രതിസന്ധിയിലായതോടെയാണ് ആര്‍ബിഐ ഫണ്ട് അനുവദിക്കുന്നത്.

യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികള്‍ എസ്ബിഐയെ കൊണ്ട് ഏറ്റെടുപ്പിച്ച് നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്. അതേസമയം യെസ് ബാങ്കിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ വ്യക്തമാക്കി.

Comments are closed.