5ജി ട്രയല്‍ നടത്താനാന്‍ അനുമതി തേടി കമ്പനി ടെലികോം വകുപ്പിനെ സമീപിച്ച് ജിയോ

രാജ്യത്തെ ഏറ്റവും വേഗതയേറിയ 4 ജി നെറ്റ്വർക്കാണ് റിലയൻസ് ജിയോ. ഉപയോക്താക്കളുടെ എണ്ണത്തിലും ജിയോ മുൻപന്തിയിൽ തന്നെയാണ്. രാജ്യത്തെ 22 സർക്കിളുകളിലും ജിയോ തങ്ങളുടെ 4ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് 5 ജി നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിന്റെ ആദ്യഘട്ട നടപടികളിലാണ് ജിയോ. 5ജി ട്രയൽ നടത്താനാൻ അനുമതി തേടി കമ്പനി ടെലികോം വകുപ്പിനെ സമീപിച്ചതായാണ് റിപ്പോർട്ട്.

5 ജി ടെക്നോളജി ട്രയലുകൾ വിജയകരമാണെങ്കിൽ, ഡിവൈസുകളുടെ രൂപകൽപ്പനയും സാങ്കേതികവിദ്യയും നിർമ്മാണത്തിനായി ഔട്ട്‌സോഴ്‌സ് ചെയ്യും എന്ന് കമ്പനിയുമായി ബന്ധപ്പെട്ട ആളുകളെ ഉദ്ധരിച്ചുകൊണ്ട് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. പരീക്ഷണങ്ങൾക്കായി റിലയൻസ് ജിയോ അതിന്റെ തന്നെ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്ന കാര്യം ശ്രദ്ധേയമാണ്.

ട്രയലിന് മുമ്പായി തങ്ങളുടെ നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ അടുത്തിടെ എല്ലാ ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടിരുന്നു. മിക്കവാറും എല്ലാ ഓപ്പറേറ്റർമാരും തങ്ങളുടെ നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു. എയർടെലും വോഡഫോൺ-ഐഡിയയും ഹുവാവേ, നോക്കിയ, എറിക്സൺ എന്നിവരുമായി ചേർന്നപ്പോൾ റിലയൻസ് ജിയോ സാംസങ്ങുമായി പങ്കാളികളായി.

സാംസങുമായി പങ്കാളികളായി ട്രയൽസ് നടത്തുമെന്ന് ഔദ്യോഗികമായി അറിയിക്കുന്നതിനൊപ്പം തന്നെ ജിയോയുടെ 5ജി ട്രയലുകളിൽ മറ്റ് പ്രധാന കമ്പനികളായ നോക്കിയ, എറിക്സൺ, എന്നിവയുമായും സഹകരിച്ച് 5ജിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തുമെന്ന് റിലയൻസ് ജിയോ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ട്രയലുകളെക്കുറിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഓപ്പറേറ്റർമാരുമായും ഡിവൈസ് നിർമ്മാതാക്കളുമായും മന്ത്രാലയം നിരവധി തവണ കൂടിക്കാഴ്‌ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു വിധ കാര്യങ്ങളും തീരുമാനിക്കപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ട്രയലുകൾ 2019 ൽ നടക്കേണ്ടതായിരുന്നു, എന്നാൽ ട്രായ് 5ജി സ്പെക്ട്രത്തിന് നിശ്ചയിച്ച ഉയർന്ന അടിസ്ഥാന വില അടക്കമുള്ള കാരണങ്ങളാൽ ഇത് നടന്നില്ല.

5ജി സ്പെക്ട്രത്തിനായി സർക്കാർ ഈടാക്കുന്ന തുക വളരെ കൂടുതലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലേലത്തിനായി വച്ചപ്പോൾ അടിസ്ഥാന വിലയായി നിശ്ചയിച്ചത് ഒരു മെഗാഹെർട്സ് സ്പെക്ട്രത്തിന് 492 കോടി രൂപ എന്ന നിരക്കാണ്. അതായത് ഒരു ഓപ്പറേറ്റർ 100 മെഗാഹെർട്സ് സ്പെക്ട്രം വാങ്ങിയാൽ അവർ നൽകേണ്ടത് 50,000 കോടി രൂപയോളം ആയിരിക്കും.

5ജി സ്പെക്ട്രത്തിന്റെ വിലനിർണ്ണയം ടെലിക്കോം വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമായിരിക്കുകയാണ്. 1 മെഗാഹെർട്‌സിന് 492 കോടി രൂപ എന്ന നിരക്ക് വളരെ കൂടുതലാണെന്നാണ് ടെലിക്കോം കമ്പനികൾ പറയുന്നത്. നിലവിലെ കമ്പനികളുടെ കടവും സ്പെക്ട്രത്തിന് മറ്റ് രാജ്യങ്ങളിൽ ഈടാക്കുന്ന വിലയും കണക്കിലെടുക്കുമ്പോൾ സർക്കാർ നിശ്ചയിച്ച തുകയ്ക്ക് സ്പെക്ട്രം വാങ്ങുക പ്രായോഗികമല്ലെന്ന് ടെലിക്കോം കമ്പനികളുടെ സംഘടനയായ സിഒഎഐ പ്രതിനിധി രാജൻ മാത്യൂസ് പറഞ്ഞു.

Comments are closed.