ആറ്റുകാല്‍ പൊങ്കാലയ്ക്ക് കര്‍ശന നിരീക്ഷണം ; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് രോഗബാധിത മേഖലകളില്‍ നിന്നുള്ളവരോ, രോഗബാധിതരായിട്ടുള്ളവരുടെ ബന്ധുക്കളോ പൊങ്കാലയില്‍ പങ്കെടുക്കരുതെന്നും ചുമയോ, പനിയോ ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയില്‍ പങ്കെടുക്കരുതെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി.

അതേസമയം നേരത്തെ തന്നെ നിശ്ചയിച്ച ആറ്റുകാല്‍ പൊങ്കാല നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പൊങ്കാലയ്ക്ക് തുടക്കമാകുന്നത്. എന്നാല്‍ പൊങ്കാല ഇടുന്നവരുടെ വീഡിയോ ചിത്രീകരിക്കും. വിദേശികള്‍ക്ക് പൊങ്കാലയിടാന്‍ ഹോട്ടലില്‍ പ്രത്യേകം സൗകര്യമേര്‍പ്പെടുത്തുകയുമാണ്.

തിങ്കളാഴ്ച രാവിലെ 10.20 ന് തുടങ്ങി ഉച്ചയ്ക്ക് 2.10 നാണ് നിവേദ്യം. കൊറോണയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Comments are closed.