കേരളത്തില്‍ പത്തനം തിട്ടയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു ; മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്നും വന്നവര്‍

കേരളത്തില്‍ പത്തനം തിട്ടയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്നും വന്നവരും രണ്ട് പേര്‍ ഇവരുടെ വീടിന് സമീപമുള്ള അടുത്തബന്ധുക്കളുമാണ്. റാന്നി ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം അഞ്ച് പേരും ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണുള്ളത്.

എന്നാല്‍ ഇവര്‍ ആദ്യം ചികിത്സയ്ക്ക് സഹകരിച്ചില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രണ്ട് പേര്‍ പനിയുമായി ആശുപത്രിയില്‍ എത്തിയതോടെയാണ് കൊറോണ ലക്ഷണങ്ങളാണിതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരില്‍ നിന്നുമാണ് ഇറ്റലിയില്‍ നിന്നും എത്തിയ മൂന്ന് പേരുടെ വിവരം ആരോഗ്യ വകുപ്പിന് ലഭിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്താന്‍ ഇവരോട് വീട്ടില്‍ എത്തി നിര്‍ദേശം നല്‍കിയെങ്കിലും ഇവര്‍ തയ്യാറായിരുന്നില്ല.

അവസാനം കര്‍ശന നിര്‍ദേശത്തിനൊടുവിലാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. ഫെബ്രുവരി 29നാണ് ഇവരില്‍ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്നും എത്തിയത്. ഇവര്‍ എയര്‍പോര്‍ട്ടില്‍ രോഗ പരിശോധനയ്ക്ക് വിധേയരായിരുന്നില്ല. കൊവിഡ് വൈറസ് സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും ഇവര്‍ പാലിച്ചിരുന്നില്ല. എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങി പരിശോധനകള്‍ക്ക് നില്‍ക്കാതെ മുങ്ങുകയായിരുന്നു.

Comments are closed.