ജാര്‍ണ്ഡിലെ ബൊക്കാരോയില്‍ 42കാരന്‍ പട്ടിണി കാരണം മരിച്ചു

ഝാര്‍ണ്ഡ്: ജാര്‍ണ്ഡിലെ ബൊക്കാരോയില്‍ 42കാരന്‍ പട്ടിണി കാരണം മരിച്ചു. ജാര്‍ണ്ഡില്‍ ഇതുവരെയും പട്ടിണിമരണം ഉണ്ടായിട്ടില്ലെന്ന പ്രസ്താവന സര്‍ക്കാര്‍ ഇറക്കിയതിന് പിന്നാലെയാണ് ഹേമന്ദ് സോറന്‍ മന്ത്രിസഭയ്ക്ക് നാണക്കേടായി പട്ടിണി മരണം റിപ്പോര്‍ട്ട് ചെയ്തത്. ബൊക്കാറോ ജില്ലയിലെ കര്‍മ്മ ഗ്രാമത്തിലെ ഭുഖാല്‍ പാഷി എന്ന 42കാരനാണ് മരിച്ചത്. ഏഴുപേരുള്ള കുടുംബത്തില്‍ 14 കാരനായ മകന്‍ ധാബ എന്നു വിളിക്കുന്ന റസ്റ്റോറന്റില്‍ ജോലി ചെയ്യുകയാണ്.

ഇവരുടെ കുടുംബം കഴിഞ്ഞ നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പാഷിയുടെ ഭാര്യ രേഖ് ദേവി പറയുന്നു. അതേസമയം സംസ്ഥാനത്ത് ഒട്ടേറെ പട്ടിണി മരണങ്ങള്‍ നടന്നിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷയെക്കുറിച്ചും പട്ടിണമരണങ്ങളെക്കുറിച്ചും വിശകലനം ചെയ്ത് മതിയായ നടപടികള്‍ കൈക്കൊള്ളണമെന്ന് സിപിഐ(എം.എല്‍)(എല്‍) നിയമസഭാംഗം ബിനോദ് സിങ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഝാര്‍ണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ നിര്‍ദ്ദേശം നല്‍കി.

ഇയാളുടെ കുടുംബത്തിന് എത്രയും വേഗം റേഷന്‍കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സംഭവത്തില്‍ ഭക്ഷ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബൊക്കാരോ ഡെപ്യൂട്ടി കമ്മിഷണര്‍ മുകേഷ് കുമാര്‍ അറിയിച്ചു. തുടര്‍ന്ന് മരിച്ചയാളുടെ കുടുംബത്തിന് അടിയന്തിരമായി 20000 രൂപ ധനസഹായം നല്‍കുമെന്ന് കസ്മാര്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ (ബിഡിഒ) രാജേഷ് കുമാര്‍ സിന്‍ഹ അറിയിച്ചു.

Comments are closed.