ചൈനയിലെ ഫൈന്‍ഡ് എക്‌സ് 2 ഇവന്റില്‍ ഓപ്പോ വാച്ച് പുറത്തിറക്കി

ചൈനയിലെ ഫൈൻഡ് എക്സ് 2 ഇവന്റിൽ ഓപ്പോ വാച്ച് ഔദ്യോഗികമായി പുറത്തിറക്കി. ചൈനീസ് ബ്രാൻഡായ ഓപ്പോയിൽ നിന്നുള്ള ആദ്യ സ്മാർട്ട് വാച്ച് രസകരമായ ചില സവിശേഷതകളുമായാണ് വരുന്നത്. ഇത് സാംസങ് ഗാലക്‌സി വാച്ച് ആക്റ്റീവ് 2, ആപ്പിൾ വാച്ച് സീരീസ് 4 എന്നിവയ്‌ക്കെതിരായ ശക്തമായ മത്സരം കാഴ്ച്ചവയ്ക്കാൻ സാധിക്കുന്ന വിധത്തിലാണ് കമ്പനി വാച്ച് തയ്യാറാക്കിയിരിക്കുന്നത്.

ഓപ്പോ വാച്ച് കുറച്ചുകാലമായി വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഓപ്പോ എക്സിക്യൂട്ടീവ് ഔദ്യോഗികമായി വാച്ചിന്റെ സവിശേഷതകൾ വിശദീകരിച്ചിരുന്നു. 3 ഡി കർവ്ഡ് ഗ്ലാസും ഇസിജി സെൻസർ ഓൺബോർഡുമുള്ള അമോലെഡ് ഡിസ്പ്ലേ വാച്ചിന്റെ പ്രധാന സവിശേഷതയാണ്. ആപ്പിൾ വാച്ചിന് സമാനമായ സവിശേഷതകളുണ്ടെങ്കിലും ഓപ്പോ വാച്ചിന്റെ വില താരതമ്യേന കുറവാണ്.

ഓപ്പോ വാച്ച് രണ്ട് വലുപ്പത്തിലാണ് വരുന്നത്. ചെറിയ 41mm പതിപ്പ് 1,499 ചൈനീസ് യുവാൻ എന്ന വിലയ്ക്ക് ലഭിക്കും. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 16,000 രൂപയാണ്. 46mm വലിയ വേരിയന്റിന് 1,999 ചൈനീസ് യുവാൻ വിലയുണ്ട്. ഇത് ഏകദേശം 21,400 രൂപയാണ്. സ്മാർട്ട് വാച്ച് ഇപ്പോൾ ചൈനയിൽ മാത്രമാണ് വിപണിയിലെത്തിയതെങ്കിലും ഓപ്പോ വാച്ചിനെ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിലേക്ക് എത്തിക്കാനുള്ള പദ്ധതി കമ്പനി തയ്യാറാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ വിലനിർണ്ണയം വിപണിയിലെ മറ്റ് സ്മാർട്ട് വാച്ചുകളുടെ വിലയെ ആശ്രയിച്ചായിരിക്കും. നോയിസ്, ഹുവാമി തുടങ്ങിയ ബ്രാൻഡുകൾ ഇന്ത്യയിലെ മിഡ്റൈഞ്ച് വെയറബിൾ വിപണിയിൽ ശക്തമായ സാന്നിധ്യമായി ഉള്ളപ്പോൾ സാംസങും ആപ്പിളും പ്രീമിയം വിപണി അടക്കിവാഴുന്ന കമ്പനികളാണ്. ഓപ്പോയുടെ സ്മാർട്ട് വാച്ച് വില കുറച്ചാണ് എത്തുന്നതെങ്കിൽ മേൽപ്പറഞ്ഞ കമ്പനികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തും.

ഓപ്പോ വാച്ച് 1.6 ഇഞ്ച്, 1.9 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പങ്ങളിൽ വരുന്നു. ഡിസിഐ 3 ഡി കർവ്ഡ് അമോലെഡ് പാനലാണ് വാച്ചിൽ നൽകിയിരിക്കുന്നത്. ഇത് ഡിസിഐ-പി 3 കളർ ഗാമറ്റിന്റെ 100 ശതമാനം കവർ ചെയ്യുന്നു. വാച്ചിന്റെ ഡിസ്പ്ലേയ്‌ക്ക് ചുറ്റും ലോ ബെസലുകളുണ്ട് അവയ്ക്ക് ചുറ്റും അലുമിനിയം കേസിംഗും നൽകിയിട്ടുണ്ട്. മികച്ച ഡിസൈൻ തന്നെയാണ് വാച്ചിന് നൽകിയിരിക്കുന്നത്.

സ്മാർട്ട് വാച്ചിൽ രണ്ട് ഫിസിക്കൽ ബട്ടണുകളാണ് ഉള്ളത്. വലതുവശത്ത് സ്ഥിതിചെയ്യുന്ന ഈ ബട്ടണുകൾ വാച്ചിൽ വിവിധ ഫംഗ്ഷനുകൾ പ്രവർത്തനക്ഷമമാക്കുന്നു. ഇതിനൊപ്പം വാച്ചിലെ നാവിഗേഷനും ഈ ബട്ടനുകൾ ഉപയോഗപ്പെടുന്നു. സ്മാർട്ട് വാച്ച് ഗോൾഡ്, ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. മാറ്റി ഉപയോഗിക്കാവുന്ന സ്ട്രാപ്പുകളും വാച്ചിൽ നൽകിയിട്ടുണ്ട്.

വാച്ചിൽ നൽകിയിരിക്കുന്ന ഒരു ഇസിജി സെൻസർ വഴി ഓപ്പോ വാച്ചിന് ഹൃദയമിടിപ്പ് രീതികൾ രേഖപ്പെടുത്താനും ഉപയോക്താവിന്റെ ആരോഗ്യസ്ഥിതി വിശകലനം ചെയ്യാനും സാധിക്കുന്നു. സ്മാർട്ട് വാച്ചിലെ ഇസിജി പ്രവർത്തനം ഓപ്പോ വാച്ച് ലഭ്യമാകുന്ന വിലയിൽ ലഭിക്കുന്ന മറ്റ് സ്മാർട്ട് വാച്ചുകളിൽ ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ സാംസങ് ഗാലക്‌സി വാച്ച് ആക്റ്റീവ് 2, ആപ്പിൾ വാച്ച് സീരീസ് 4 എന്നിവയോട് താല്പര്യമുള്ള ഉപയോക്താക്കളെ ഓപ്പോ വാച്ചിന് ആകർഷിക്കാൻ സാധിക്കുന്നത്.

ഓപ്പോ വാച്ചിൽ മറ്റ് ശാരീരിക വ്യായാമ പ്രീസെറ്റുകൾ ഉണ്ട്, അവ സ്വമേധയാ തിരഞ്ഞെടുക്കാം അല്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ഓട്ടോമാറ്റിക്കായി പ്രവർത്തനക്ഷമമാക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുള്ള ഉപയോക്താക്കളെ സംബന്ധിച്ചത്തോളം കുറഞ്ഞ വിലയിൽ ഇത്തരം സവിശേഷതകൾ ലഭ്യമാകുന്ന ഡിവൈസുകൾ അപൂർവ്വമാണ്.

അപ്പോളോ 3 കോ-പ്രോസസറുള്ള ഡേറ്റഡ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 2500 പ്രോസസറാണ് ഓപ്പോ വാച്ചിന് കരുത്ത് പകരുന്നത്. പ്രോസസറിന്റെ തിരഞ്ഞെടുപ്പ് വിചിത്രമാണ്, കഴിഞ്ഞ വർഷത്തെ മിക്ക സ്മാർട്ട് വാച്ചുകളിലും ഏറ്റവും പുതിയ ചിപ്‌സെറ്റുകൾ ഉണ്ടായിരുന്നു. ആൻഡ്രോയിഡിന്റെ വ്യക്തമാക്കാത്ത പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവകാശപ്പെടുന്ന കളർ ഒഎസിലാണ്സ്മാർട്ട് വാച്ച് പ്രവർത്തിക്കുന്നത്.

ഒരു വെയർ ഒഎസ് സ്മാർട്ട് വാച്ചിൽ ചെയ്യുന്നതുപോലെ ഗൂഗിൾപ്ലേ സേവനങ്ങൾ സ്മാർട്ട് വാച്ചിൽ പ്രവർത്തിക്കുമോ എന്ന് വ്യക്തമല്ല. കോളുകൾ വിളിക്കുന്നതിനും സ്വീകരിക്കുന്നതിനും പെയർ ചെയ്ത ഫോണിനെ ആശ്രയിക്കാതെ എസ്എംഎസ് അയയ്ക്കുന്നതിനും അനുവദിക്കുന്ന ഒരു ഇസിമിനുള്ള സപ്പോർട്ടും ഓപ്പോ വാച്ചിൽ ലഭ്യമാണ്. ഫിറ്റ്‌നെസ് കേന്ദ്രീകരിച്ചുള്ള സ്മാർട്ട് വാച്ച് കൂടിയായതിനാൽ ഓപ്പോ വാച്ചിൽ 5 എടിഎം വരെ വാട്ടർറസിസ്റ്റന്റ് നൽകിയിട്ടുണ്ട്.

17 മിനിറ്റിനുള്ളിൽ പകുതി ബാറ്ററിയെ ടോപ്പ് അപ്പ് ചെയ്യാൻ സാധിക്കുന്ന VOOC ചാർജിംഗ് സാങ്കേതികവിദ്യയും ഓപ്പോ വാച്ച് സപ്പോർട്ട് ചെയ്യുന്നു. ബാറ്ററി സേവ് ചെയ്യേണ്ട സന്ദർഭങ്ങളിൽ, ഓപ്പോ വാച്ച് സ്നാപ്ഡ്രാഗൺ 2500 SoC- ൽ നിന്ന് അപ്പോളോ 3 ചിപ്പിലേക്ക് മാറും. ഒരൊറ്റ ചാർജിൽ സാധാരണ ഉപയോഗത്തിൽ 40 മണിക്കൂർ ബാറ്ററി ലൈഫ് നൽകുമെന്നും ബാറ്ററി സേവ് മോഡിൽ ബാറ്ററിയുടെ ആയുസ്സ് ഏകദേശം 21 ദിവസം വരെ ലഭിക്കുമെന്നും ഓപ്പോ അവകാശപ്പെടുന്നു.

Comments are closed.