മാരുതി സുസുക്കി തങ്ങളുടെ ബിഎസ് VI മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു

ബിഎസ് VI മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ബിഎസ് VI വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനാണ് പുതിയ ആനുകൂല്യങ്ങളും ഓഫറുകളുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

മിക്ക നിര്‍മ്മാതാക്കളും ബിഎസ് VI ശ്രേണിയിലേക്ക് പുതിയ വാഹനങ്ങളെ അവതരിപ്പിച്ച് തുടങ്ങിയപ്പോള്‍ മാരുതി തങ്ങളുടെ നിരയിലെ ഭൂരിഭാഗം കാറുകളും ബിഎസ് VI എഞ്ചിനിലേക്ക് നവീകരിച്ചു. അടുത്തിടെയാണ് ബിഎസ് VI വാഹനങ്ങളുടെ വില്‍പ്പന അഞ്ച് ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടതായി കമ്പനി അറിയിച്ചത്.

വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിരവധി മോഡലുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു നിര്‍മ്മാതാവും മാരുതിയാണ്. സിയാസ്, ബലേനോ, ഇഗ്നിസ് മോഡലുകള്‍ക്കാണ് കമ്പനി ഇപ്പോള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ഈ മോഡലുകളുടെ വില്‍പ്പനയും.

സിയാസ്

അടുത്തിടെയാണ് സിയാസിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. മിഡ്-സൈസ് സെഡാന്‍ വിഭാഗത്തില്‍ മാരുതിയുടെ പ്രധാന ആയുധമാണ് സിയാസ്. വിപണിയില്‍ എത്തിയ നാളുകളില്‍ വിപണിയില്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാനും വാഹനത്തിന് സാധിച്ചിരുന്നു

ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ വിപണിയില്‍ എത്തിയിരിക്കുന്ന പുതിയ പതിപ്പിന് 50,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്. 1.5 ലിറ്റര്‍ K15 സീരിസ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

ഈ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ നാലു സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ആണ് ഗിയര്‍ബോക്‌സ്. 2014 മുതല്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന മോഡലാണ് സിയാസ്.

ബലേനോ

45,000 രൂപയുടെ ആനുകൂല്യങ്ങളാണ് ബലേനോയില്‍ മാരുതി ഉപഭേക്താക്കള്‍ക്ക് നല്‍കുന്നത്. ബിഎസ് VI എഞ്ചിനിലേക്ക് നവീകരിച്ചതോടെ ബലേനോയുടെ പെട്രോള്‍ പതിപ്പ് മാത്രമേ വിപണിയില്‍ ലഭ്യമാകുകയുള്ളു.

ആരെയും ആകര്‍ഷിക്കുന്ന ഡിസൈനും മികച്ച മൈലേജുമാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ടാറ്റ ആള്‍ട്രോസ്, ഹോണ്ട ജാസ്, ഹ്യുണ്ടായി i20 എന്നിവരാണ് വിപണിയില്‍ ബലേനോയുടെ എതിരാളികള്‍.

ഇഗ്നിസ്

അധികം ഒന്നും ആയില്ല ഇഗ്നിസിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിട്ട. 35,000 രൂപയുടെ ആനുകൂല്യങ്ങളും ഓഫറുകളുമായി ഈ പുതിയ പതിപ്പില്‍ കമ്പനി നല്‍കുന്നത്.

നിരവധി പുതുമകളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമായ മാറ്റമാണ്. സുസുക്കിയുടെ 1.2 ലിറ്റര്‍ K12 ബിഎസ് VI എഞ്ചിനാണ് പുതിയ പതിപ്പിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 83 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും.

അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയാണ് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. കരുത്തിലും ടോര്‍ഖിലും കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. പഴയ ബിഎസ് IV പതിപ്പിലേതിന് സമാനമാണെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.

Comments are closed.