ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണി വിപുലീകരിക്കാനൊരുങ്ങി ഹോണ്ട

ഇന്ത്യയിലെ തങ്ങളുടെ പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണി വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ് ഹോണ്ട ടൂ വീലേഴ്‌സ്. കഴിഞ്ഞ ദിവസം ആഫ്രിക്ക ട്വിന്നിനെ അവതരിപ്പിക്കുന്ന വേളയിലാണ് ഈ പദ്ധതിയെക്കുറിച്ച് ജാപ്പനീസ് നിർമാതാക്കൾ വ്യക്തമാക്കുന്നത്.

തങ്ങളുടെ വലിയ ശേഷിയുള്ള മോട്ടോർ സൈക്കിൾ ലൈനപ്പ് വിപുലീകരിക്കുന്നതിനായി രാജ്യത്തൊട്ടാകെയുള്ള ബിഗ് വിംഗ് ഡീലർഷിപ്പുകൾ കൂട്ടിച്ചേർത്തുകൊണ്ട് ഹോണ്ട CB300R മുതൽ ഗോൾഡ് വിംഗ് ക്രൂയിസർ വരെയുള്ള മോഡലുകളെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുകയാണ് കമ്പനിയുടെ പദ്ധതി. അതിലൂടെ പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണിയിലെ സാന്നിധ്യം ക്രമാനുഗതമായി വർധിപ്പിക്കാനും ഹോണ്ട ലക്ഷ്യമിടുന്നു.

ഇതുവരെ CBU റൂട്ടിലൂടെ CBR1000RR ഫയർബ്ലേഡ്, CB1000R, ഗോൾഡ് വിംഗ്, ഫോർസ മോഡലുകളെയും CKD റൂട്ട് വഴി CB300R, CBR650R, ആഫ്രിക്ക ട്വിൻ തുടങ്ങിയവയെ ഇറക്കുമതി ചെയ്യുകയും വിൽക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ പ്രാദേശികമായി കുറച്ച് വലിയ ബൈക്കുകൾ നിർമ്മിക്കുകയാണ് ഹോണ്ടയുടെ പദ്ധതി.

ഗണ്യമായ നികുതി ആകർഷിക്കുന്ന CKD, CBU മോട്ടോർസൈക്കിളുകളിൽ നിന്ന് വ്യത്യസ്‌തമായി, പ്രാദേശികമായി നിർമിച്ച മോഡലുകൾക്ക് വളരെ കുറച്ച് പണം മാത്രമാണ് ചെലവാകുന്നത്. എന്നാൽ ഏതൊക്കെ വലിയ ബൈക്കുകൾ മുഴുവനായും ഇന്ത്യയിൽ നിർമിക്കുമെന്ന് ഹോണ്ട ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. എങ്കിലും മിഡിൽവെയ്റ്റ് ബൈക്കുകളായിരിക്കും കമ്പനിയുടെ പദ്ധതിയിൽ ഇടംപിടിക്കുക.

ഇപ്പോൾ 450-650 സിസി മോട്ടോർസൈക്കിളുകളിൽ നിന്നുള്ള എന്തും മിഡിൽവെയ്റ്റുകളായി തിരിച്ചിരിക്കുന്നു. അന്താരാഷ്ട്ര വിപണികളിൽ ഹോണ്ടയ്ക്ക് 500 സിസി ലൈനപ്പിൽ ശരിയായ മേൽകൈ ഉണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്.

CB500X, CMX500 റിബൽ, CBR500R, CB500F എന്നിവ ബ്രാൻഡിന്റെ വിപണി മൂല്യത്തെ തെളിയിക്കുന്നവയാണ്. അതേസമയം CB300R നും CBR650R നും ഇടയിലുള്ള ശൂന്യത നികത്താൻ ഇന്ത്യയിൽ 500 സിസി മോട്ടോർസൈക്കിളുകൾ വിൽക്കുന്നത് പരിഗണിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

പ്രാദേശികമായി ലഭ്യമാകുന്ന ഘടകങ്ങൾ ഉപയോഗിച്ച് ഈ മോട്ടോർസൈക്കിളുകൾ നിർമിക്കുന്നതിലൂടെ ഹോണ്ട അർത്ഥമാക്കുന്നതെന്താണ്? പ്രാദേശികവൽക്കരണത്തിന്റെ ഒരു ചെറിയ ശതമാനത്തെക്കുറിച്ചല്ല അവർ ചിന്തിക്കുന്നത്. ഹോണ്ട 100 ശതമാനം പ്രാദേശികവൽക്കരണം കൈവരിക്കുന്നതിനെക്കുറിച്ചു തന്നെയാണ് ആലോചിക്കുന്നത്. അതിനാൽ ഫ്രെയിം, വീലുകൾ, ടയറുകൾ, സസ്പെൻഷൻ, എഞ്ചിൻ മുതലായവ ഇന്ത്യൻ നിർമിത ഘടകങ്ങൾ ഉപയോഗിച്ച് നിർമിക്കും.

ഈ മോട്ടോർസൈക്കിളുകളെ വളരെ മത്സരാത്മകമായി വില നിർണയിക്കാൻ ഇത് ഹോണ്ടയെ സഹായിക്കും. നമ്മുടേതുപോലുള്ള വിപണികളിൽ വില നിർണയത്തിന് കാര്യമായ സ്വാധീനമുണ്ട്.

വാസ്‌തവത്തിൽ, CB300R ഇന്ത്യയിൽ പ്രാദേശികമായി ഉൽപ്പാദിപ്പിച്ചാൽ ഹോണ്ടയ്ക്ക് വളരെയധികം മേൽകൈ വിപണിയിൽ നേടാനായേക്കും. അതായത് കെ‌ടി‌എം 390 ഡ്യൂക്കിന് ഉയർന്ന വിലയുണ്ടായിട്ടും മികച്ച വിൽപ്പനയാണ് ആഭ്യന്തര വിപണിയിൽ കൈവരിക്കുന്നത്. അതിനാൽ ഈ ശ്രേണിയിൽ ഹോണ്ടയ്ക്കും തങ്ങളുടെ ശൂന്യത നികത്താനാകും.

2019 മുതൽ പ്രീമിയം ബൈക്ക് വിൽപ്പന 400 ശതമാനം വർധിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് CB300R മോഡലിന്റെ കടന്നുവരവെന്ന് ഹോണ്ട പറയുന്നു. ഈ ശ്രേണിയിലെ മികച്ച മോട്ടോർസൈക്കിളുകളിൽ ഒന്നാണെങ്കിലും ഒരു CKD യൂണിറ്റായി ഇന്ത്യയിലെത്തുന്നതിനാൽ 2.41 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില വരുന്നത്. ഇത് വാഹനത്തിന്റെ വിൽപ്പനയെ കാര്യമായി ബാധിച്ചു.

പ്രാദേശിക ഉത്‌പാദനം ആരംഭിക്കുന്നതോടെ CB300R ന്റെ വില ഗണ്യമായി കുറയും. ഹോണ്ടയുടെ പ്രാദേശിക പദ്ധതികളുടെ ഭാഗമായി ഈ മോഡലിനെ പരിഗണിക്കുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. 2020-2021 കാലയളവിലാണ് ഹോണ്ട തങ്ങളുടെ ബിഗ് വിംഗ് ഡീലർഷിപ്പ് ശൃംഖല വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Comments are closed.