പത്തനംതിട്ടയില്‍ കൊവിഡ് ബാധ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് ബാധ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തേണ്ടിയിരുന്ന വെച്ചൂച്ചിറ സ്വദേശിയായ യുവാവാണ് ഇന്നലെ രാത്രി ആശിപത്രിയില്‍ നിന്ന് ചാടിപോയത്. ആശുപത്രി അധികൃതര്‍ അറിയാതെ കര്‍ശനനിരീക്ഷണത്തിലുള്ള വാര്‍ഡില്‍ നിന്നാണ് മുങ്ങിയത്.

രോഗബാധിതരായ അഞ്ച് പേരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതില്‍പ്പെട്ടയാളായിരുന്നു യുവാവ്. പരിശോധനയ്ക്കായി ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി രക്തമെടുത്ത് പരിശോധന നടത്തുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും. ഇതിനിടെയാണ് ഇയാള്‍ ചാടിപോയത്. പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച ഈ യുവാവ് ആദ്യം രക്തപരിശോധനയ്ക്ക് തയ്യാറായില്ല.

പിന്നീട് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോള്‍ ഓടിപ്പോവുകയായിരുന്നു എന്നാണ് അറിയുന്നത്. റാന്നിയിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം, ജില്ലയില്‍ രണ്ട് വയസുകാരിയെ കൂടി ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

Comments are closed.