Ultimate magazine theme for WordPress.

ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ എല്ലാ സ്‌കൂളുകളും അടച്ചിടും : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 തുടരുന്ന സാഹചര്യത്തില്‍ അസാധാരണ കരുതലിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയില്‍ സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ ഇടപെടുകയാണ്. തുടര്‍ന്ന് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

അതിനാല്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ എല്ലാ സ്‌കൂളുകളും അടച്ചിടും. സിബിഎസ്ഇ ഐസിഎസ്ഇ സിലബസുകള്‍ക്കും ഇത് ബാധകമായിരിക്കും. സ്‌പെഷ്യല്‍ ക്ലാസുകളും അവധിക്കാല ക്ലാസുകളും എല്ലാം ഒഴിവാക്കണം. മദ്രസകളും അങ്കണവാടികളും എല്ലാം അടച്ചിടണം. മതപരമായ ചടങ്ങുകളും ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും അടക്കം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ എല്ലാം ആളുകൂടുന്നത് ഒഴിവാക്കി ചടങ്ങുമാത്രമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ശബരിമലയില്‍ പൂജാ കര്‍മ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്തി ദര്‍ശനം ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്ന വിധത്തിലാണ് ക്രമീകരണം. ആളുകൂടുന്ന വിവാഹങ്ങള്‍ ഒഴിവാക്കണമെന്നും വിമാനത്താവളങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തും. നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കും. സിനിമാ ശാലകളില്‍ പോകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം സര്‍ക്കാര്‍ ഓഫീസുകളില്‍ രോഗബാധ ഒഴിവാക്കാന്‍ നടപടി എടുക്കും. സര്‍ക്കാര്‍ പൊതുപരിപാടികള്‍ മുഴുവന്‍ മാറ്റിവക്കും. രോഗവിവരങ്ങളോ യാത്രാ വിവരങ്ങളോ മറച്ചു വക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Comments are closed.