റെഡ്മി നോട്ട് 9 സീരീസ് സ്മാര്‍ട്ട്ഫോണുകളുടെ ലോഞ്ചിങ് ഉടന്‍

റെഡ്മി നോട്ട് 9 സീരീസ് സ്മാർട്ട്‌ഫോണുകളുടെ ലോഞ്ചിങ് അടുത്ത് വരികയാണ്. ഇതിനിടെ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഓൺലൈനിൽ ചോർന്നുകൊണ്ടിരിക്കുന്നു. നേരത്തെ ചോർന്ന വിവരങ്ങൾക്കും ചിത്രത്തിനും പുറമേ ഇപ്പോൾ അറിയപ്പെടുന്ന ടിപ്സ്റ്ററായ ഇഷാൻ അഗർവാൾ റെഡ്മി നോട്ട് 9 പ്രോയുടെ സവിശേഷതകൾ പൂർണ്ണമായും പോസ്റ്റ് ചെയ്തു.

റെഡ്മി നോട്ട് 9 പ്രോയ്‌ക്കൊപ്പം റെഡ്മി നോട്ട് 9 പ്രോ മാക്‌സും കമ്പനി പുറത്തിറക്കുമെന്ന് ഇഷാൻ അഗർവാൾ തന്റെ ഒരു ട്വീറ്റിൽ സ്ഥിരീകരിക്കുന്നു. റെഡ്മി നോട്ട് 9 പ്രോയ്ക്ക് 60 ഹെർട്സ് ഡിസ്പ്ലേയാണ് ഉണ്ടായിരിക്കുക. ഇത് ഡിവൈസിന് ഒരു തിരിച്ചടിയായിരിക്കും. റെഡ്മിയുടെ മുഖ്യ എതിരാളി ബ്രാൻഡായ റിയൽമി അടുത്തിടെ 90 ഹെർട്സ് ഡിസ്പ്ലേയുള്ള റിയൽമി 6, റിയൽമി 6 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരുന്നു.

അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നീ നിറങ്ങളിൽ റെഡ്മി നോട്ട് 9 പ്രോ ലഭ്യമാകും. 6.67 ഇഞ്ച് സ്‌ക്രീനും എഫ്‌എച്ച്ഡി+ റെസല്യൂഷനും 20: 9 ആസ്പാക്ട് റേഷിയോവും സ്മാർട്ട്‌ഫോണിനുണ്ടാകും. ശ്രദ്ധേയമായ കാര്യം ഈ ചോർന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഷവോമി ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും വലിയ റെഡ്മി നോട്ട് (സ്ക്രീൻ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ) ഇതാണ്.

കോർണിംഗ് ഗോറില്ല ഗ്ലാസ് 5ന്റെ സംരക്ഷണത്തിലുള്ള ഡിസ്പ്ലേയുടെ മുകൾ ഭാഗത്ത് പഞ്ച്-ഹോൾ കട്ട് ഔട്ട് ഉണ്ടായിരിക്കും. റെഡ്മി നോട്ട് സീരീസ് സ്മാർട്ട്‌ഫോണുകളിൽ ഇതുവരെ കാണാത്ത വിധത്തിലായിരിക്കും ഇത്. പോക്കോ എക്സ് 2വിലോ റിയൽ‌മി 6വിലോ ഉള്ളത് പോലെ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിലുണ്ടെന്ന് പറയപ്പെടുന്നു.

ഊഹിച്ചതുപോലെ റെഡ്മി നോട്ട് 9 പ്രോയ്ക്ക് ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി 4/6 ജിബി റാമും 64/128 ജിബി ഓൺബോർഡ് സ്റ്റോറേജുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്ന് ലീക്ക് റിപ്പോർട്ട് ഉറപ്പിക്കുന്നു. ഇതുവരെ ഡിവൈസിൽ ഒരു ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉണ്ടാകുമോ എന്നതിനെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല.

പുതിയ ലീക്ക് റിപ്പോർട്ട് ഔദ്യോഗിക ടീസറുമായി ചേർന്ന് നിൽകുന്നവയാണ്. ഒപ്പം ഡിവൈസിന് 48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ഡെപ്ത് സെൻസർ, മാക്രോ ലെൻസ് എന്നിവ ഉണ്ടെന്നും ലീക്ക് സ്ഥിരീകരിക്കുന്നു. സെൽഫികൾക്കായി, 16 എംപി സെൽഫി ക്യാമറയുമായാണ് ഡിവൈസ് പുറത്തിറങ്ങുന്നത്.

റെഡ്മി നോട്ട് 9 പ്രോയിൽ 5020 mAh ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക. റെഡ്മിയുടെ ഏറ്റവും മികച്ച ബാറ്ററി കപ്പാസിറ്റിയുള്ള ഫോണുകളിലൊന്ന് കൂടിയായിരിക്കും ഇത്. കരുത്തുറ്റ ബാറ്ററി ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടും റെഡ്മി നോട്ട് സ്മാർട്ട്‌ഫോണി ഉണ്ടായിരിക്കും. ഇതുവരെ പുറത്തിറങ്ങിയ ജനപ്രീയ റെഡ്മി നോട്ട് സീരിസ് സ്മാർട്ട്ഫോണുകളിൽ ഏറ്റവും ശക്തമായ ബാറ്ററിയാണ് ഇതിലുള്ളത്.

റെഡ്മി നോട്ട് സീരീസ് സ്മാർട്ട്‌ഫോണുകളുടെ മുൻകാലങ്ങളിലെ വിലനിർണ്ണയ തന്ത്രം കണക്കിലെടുക്കുമ്പോൾ റെഡ്മി നോട്ട് 9 പ്രോയുടെ അടിസ്ഥാന വേരിയന്റിന് ഏകദേശം 15,000 രൂപയോളം വിലവരാൻ സാധ്യതയുണ്ട്. റെഡ്മി നോട്ട് 9 പ്രോയ്ക്ക് ഒപ്പം തന്നെ നോട്ട് 9 പ്രോ മാക്സും പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ നോട്ട് സീരിസിലെ ആദ്യത്തെ മാക്സ് ഫോണായിരിക്കും ഇത്.

Comments are closed.