കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്ന് 42 പേര്‍ നെടുമ്പാശ്ശേരി വിമാനകത്താവളത്തിലെത്തി

കൊച്ചി: കൊവിഡ്19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്ന് 42 പേര്‍ നെടുമ്പാശ്ശേരി വിമാനകത്താവളത്തിലെത്തി. തുടര്‍ന്ന് ഇറ്റലിയില്‍നിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനില്‍ വയ്ക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം ഇറ്റലിയില്‍ നിന്നെത്തി കോവിഡ് ബാധ സ്ഥിരീകരിച്ചവര്‍ എത്തിയ പുനലൂരിലെ ബന്ധു വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കും അവരുടെ അയല്‍വാസികളായ രണ്ട് പേര്‍ക്കും വൈറസ് ബാധ ഇല്ലെന്നു കണ്ടെത്തി. ഇവരെ ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കുമെങ്കിലും 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

എന്നാല്‍ ഇറ്റലിയില്‍ നിന്നും കഴിഞ്ഞ ദിവസമെത്തിയ 3 വയസുകാരനും മാതാപിതാക്കള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കി. ഇവര്‍ സഞ്ചരിച്ച എമിറേറ്റ്‌സ് 530 വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്. വിമാനത്തിലുണ്ടായിരുന്ന 99 പേര്‍ എറണാകുളം ജില്ലക്കാരാണ്.

Comments are closed.