കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദേശികള്‍ക്ക് പ്രവേശന വിലക്ക്

ന്യുഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ വിദേശികള്‍ക്ക് ചൊവ്വാഴ്ച മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലേക്കു അതിര്‍ത്തി മിസോറം അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് മിസോറാം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു. അതേസമയം നേരത്തെ സിക്കിമും അരുണാചല്‍ പ്രദേശൂം മണിപ്പൂരും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം ഫെബ്രുവരി ഒന്നിനു ശേഷം രോഗം സ്ഥിരീകരിച്ച ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളവരുമായ വിദേശികള്‍ക്ക് ഇന്ത്യ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കൂടാതെ ഇന്ത്യയില്‍ നിന്നും മറ്റ് 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഖത്തര്‍ പ്രവേശനം നിഷേധിച്ചു. ജമ്മു കശ്മീരില്‍ സിനിമാശാലകള്‍ ഈ മാസം 31 വരെ അടച്ചിടാന്‍ നിര്‍ദേശം നല്‍കി.

അതിനിടെ, രാജ്യത്ത് പുതിയ 18 കൊറോണ കേസുകള്‍ കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുബായ് സന്ദര്‍ശനം നടത്തിയ പൂനെ സ്വദേശികളായ ദമ്പതികള്‍, അവരുടെ മകള്‍, സഹയാത്രികന്‍ , മുംബൈയില്‍ നിന്നും പൂനെയിലേക്ക് മാര്‍ച്ച് ഒന്നിന് ഇവര്‍ യാത്ര ചെയ്ത കാറിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദുബായ് സന്ദര്‍ശിച്ച ജയ്പൂര്‍ സ്വദേശിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി രാജസ്ഥാന്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Comments are closed.