പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാക്കുന്ന പ്ലാനുകളുമായി ജിയോ

വോഡഫോണിനേയും എയർടെലിനേയും അപേക്ഷിച്ച് ജിയോ മികച്ച ചില പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങളാണ് ജിയോ ആദ്യകാലം തൊട്ട് നൽകി വരുന്നത്. വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചതോടെ ഉപയോക്താക്കളുടെ ഡാറ്റ ഉപഭോഗവും വർദ്ധിച്ചു. ഇതിനനുസരിച്ച് ടെലിക്കോം കമ്പനികൾ നൽകുന്ന പ്രതിദിന ഡാറ്റ ലിമിറ്റും വർദ്ധിച്ചിട്ടുണ്ട്.

കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനുകൾക്കാണ് ഉപയോക്താക്കൾ കൂടുതൽ തിരയുന്നത്. അതുകൊണ്ട് തന്നെ ജിയോ അടക്കമുള്ള എല്ലാ ടെലിക്കോം കമ്പനികളും അവരുടെ ഡാറ്റ പ്ലാനുകളുടെ എണ്ണം വർദ്ധിപ്പിക്കുകയം പ്രതിദിനം 1 ജിബി മുതൽ ഡാറ്റ ലഭിക്കുന്ന പല വിലകളിലുള്ള പ്ലാനുകൾ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജിയോയുടെ പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാക്കുന്ന പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ദിവസവും 2 ജിബി ഡാറ്റ ലഭ്യമാക്കുന്ന മൂന്ന് പ്ലാനുകളാണ് നിലവിൽ റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി നൽകുന്നത്. 249 രൂപ, 555 രൂപ, 444 രൂപ എന്നീ നിരക്കുകളിലാണ് ജിയോയുടെ പ്രതിദിനം 2ജിബി ഡാറ്റ പ്ലാനുകൾ. ഈ പ്ലാനുകളിലെല്ലാം തന്നെ ഡാറ്റാ ആനുകൂല്യങ്ങൾക്ക് പുറമേ സൌജന്യ കോളുകൾ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്.

ജിയോയുടെ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനണ് 249 രൂപയുടേത്. ഈ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ ജിയോ-ടു-ജിയോ സൌജന്യ കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് 1,000 മിനിറ്റ് സൌജന്യ കോളുകളും നൽകുന്നു. ഈ പ്ലാൻ പ്രതിദിനം 100 എസ്എംഎസുകളും വിവിധ വിനോദ ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന മറ്റൊരു പ്ലാൻ 444 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഈ പ്ലാൻ ജിയോ-ടു-ജിയോ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1,000 മിനിറ്റ് സൌജന്യ കോളുകളും നൽകുന്നു. ഈ പ്രീപെയ്ഡ് പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. വിവിധ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും പ്രതിദിനം 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്.

പ്രതിദിനം 2ജിബി ലഭിക്കുന്ന പ്ലാനുകളിൽ ജിയോ വാഗ്ദാനം ചെയ്യുന്ന മൂന്നാമത്തെ പ്ലാൻ 555 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ, 100 എസ്എംഎസ്, ജിയോ-ടു-ജിയോ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 249 രൂപ റീചാർജിൽ നിന്നും അതേ ആനുകൂല്യങ്ങൾ 84 ദിവസത്തേക്ക് ലഭിക്കുന്ന 599 രൂപ പ്ലാനിലെത്തുമ്പോൾ ഉപയോക്താവിന് മൊത്തത്തിൽ ഏകദേശം 180 രൂപ ലാഭിക്കാൻ സാധിക്കും.

Comments are closed.