കിക്ക്സിന് വന്‍ ഓഫറുകളുമായി നിസ്സാന്‍ രംഗത്തെത്തി

ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കേ, ബിഎസ് IV നിലവാരത്തിലുള്ള വാഹനങ്ങള്‍ വിറ്റഴിക്കാനുള്ള അവസാന ഘട്ട ശ്രമത്തിലാണ് പല നിര്‍മ്മാതാക്കളും.

പല മോഡലുകള്‍ക്കും വലിയ ഇളവുകളും ഓഫറുകളും നല്‍കിയാണ് വിറ്റഴിക്കുന്നത്. ഇപ്പോഴിതാ കിക്ക്‌സിന് വന്‍ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നിസ്സാന്‍. ബിഎസ് IV മോഡലുകള്‍ക്ക് 2.5 ലക്ഷം രൂപയുടെ ഇളവുകളാണ് കമ്പനി നല്‍കുന്നത്.

കോപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് പോയ വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിസാന്‍ കിക്ക്സിനെ അവതരിപ്പിക്കുന്നത്. എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യയിലേക്ക് പുതിയ ഒരു മോഡല്‍ അവതരിപ്പിച്ചത്.

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 110 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ K9K ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍.

106 bhp കരുത്തും 142 Nm torque ഉം സൃഷ്ടിക്കുന്നതാണ് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍. ഇരു എഞ്ചിനുകളും മാനുവലാണ് ഗിയര്‍ബോക്‌സ്. ഡീസലിന് ആറ് സ്പീഡും, പെട്രോളിന് അഞ്ച് സ്പീഡുമാണ് ഗിയര്‍ബോക്‌സ്.

ടെറാനോയ്ക്ക് പകരമായിട്ടാണ് നിസാന്‍, കിക്ക്‌സിനെ വിപണിയില്‍ പുറത്തിറക്കിയത്. എന്നാല്‍ കാര്യമായ വിജയം വിപണിയില്‍ കൈവരിക്കാന്‍ വാഹനത്തിന് സാധിച്ചില്ല. റെനോ ഡസ്റ്റര്‍, ക്യാപ്ച്ചര്‍ എന്നിവ നിര്‍മ്മിക്കപ്പെടുന്ന അതേ പ്ലാറ്റഫോമിലാണ് വാഹനവും ഒരുങ്ങുന്നത്.

ശ്രേണിയില്‍ ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍, കിയ സെല്‍റ്റോസ്, മാരുതി എസ്-ക്രോസ് തുടങ്ങിയവരാണ് കിക്ക്‌സിന്റെ മുഖ്യ എതിരാളികള്‍. നിരവധി പുതുമകളോടെയും ഫീച്ചറുകളും നിറച്ചാണ് വാഹനം വിപണിയില്‍ എത്തുന്നത്. വിമോഷന്‍ ഗ്രില്ലാണ് കിക്ക്സില്‍.

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ഫോഗ്‌ലാമ്പുമാണ് മുന്‍വശത്തെ സവിശേഷത. 17 ഇഞ്ച് അലോയി വീലുകള്‍, വലിയ ടെയില്‍ലാമ്പുകള്‍, ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ലൈനിങ്ങ്, ഷാര്‍ക്ക് ഫിന്‍ ആന്റീന, സ്‌കിഡ് പ്ലേറ്റ് എന്നിവ പിന്നിലെ സവിശേഷതകളാണ്.

8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സോഫ്റ്റ് ടച്ച് ഡാഷ്ബോര്‍ഡും മള്‍ട്ടി പര്‍പ്പസ് സ്റ്റിയറിങ് വീല്‍ എന്നിവയും കിക്ക്സിലുണ്ട്. നിസാന്റെ ഡയനാമിക് സോണിക് പ്ലസ് ഡിസൈന്‍ ശൈലിയാണ് കിക്ക്സും പിന്‍തുടരുന്നത്.

നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍ തുടങ്ങി സംവിധാനങ്ങളും സുരക്ഷയ്ക്കായി കിക്ക്സിലുണ്ട്. 9.55 ലക്ഷം രൂപയാണ് പെട്രോള്‍ പതിപ്പിന്റെ വിപണിയിലെ വില.

9.89 ലക്ഷം രൂപയാണ് ഡീസല്‍ പതിപ്പിന്റെ എക്‌സ്‌ഷോറും വില. അധികം വൈകാതെ തന്നെ കിക്ക്‌സിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു.

Comments are closed.