ബിഎസ്-VI കംപ്ലയിന്റ് സ്‌കോര്‍പിയോ ഉടന്‍ വിപണിയിലെത്തും

ബി‌എസ്-VI കംപ്ലയിന്റ് സ്കോർപിയോയുടെ പരീക്ഷണയോട്ടത്തിന് മഹീന്ദ്ര അടുത്തിടെ തുടക്കം കുറിച്ചിരുന്നു. പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വാഹനത്തെ അതിനു മുമ്പായി വിപണിയിൽ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

അതേസമയം ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയെ ഒരു ഗ്ലോബല്‍ ബ്രാന്‍ഡാക്കി മാറ്റിയ സ്‌കോര്‍പിയോ എസ്‌യുവിയുടെ പുതുതലമുറ മോഡലിനെ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. എന്നാൽ ഇത് അടുത്ത വർഷം മാത്രമാകും വിപണിയിൽ എത്തുകയുള്ളൂ. അതുവരെ മോഡലിനെ വിപണിയിൽ പിടിച്ചു നിർത്തുന്നതിന്റെ ഭാഗമാണ് ഈ ബി‌എസ്-VI പരിഷ്ക്കരണം.

നിലവിലുള്ള സ്കോർപിയോയിൽ ലഭ്യമായ 2.2 ലിറ്റർ എംഹോക്ക് ഡീസൽ യൂണിറ്റ് പുതിയ മലിനീകരണ അനുബന്ധ നവീകരണങ്ങളോടെ നിലനിർത്തുന്നതോടൊപ്പം അടുത്ത വർഷം വിപണിയിൽ എത്തുന്ന പുതുതലമുറ മോഡലിന് പുതിയ 2.0 ലിറ്റർ ഡീസൽ എഞ്ചിനും ലഭിക്കും.

നിലവിലെ എസ്‌യുവിയിൽ ഉപയോഗിക്കുന്ന 2.2 ലിറ്റർ എഞ്ചിൻ രണ്ട് വ്യത്യസ്‌ത ട്യൂൺ പതിപ്പിലാണ് വാഗ്‌ദാനം ചെയ്യുന്നത്. ബേസ് മോഡലിലെ എഞ്ചിൻ 120 bhp കരുത്തിൽ 280 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം ഉയർന്ന മോഡലുകളിലെ എഞ്ചിൻ 140 bhp യിൽ 320 Nm torque സൃഷ്‌ടിക്കും.

ആദ്യത്തേത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോ‌ക്‌സുമായി ജോടിയാക്കിയിരിക്കുമ്പോൾ രണ്ടാമത്തെ പതിപ്പിന് ആറ് സ്‌പീഡ് ഗിയർബോക്‌സും തെരഞ്ഞെടുക്കാൻ സാധിക്കും. ഉടൻ വിപണിയിൽ എത്താനിരിക്കുന്ന ബിഎസ്-VI മഹീന്ദ്ര സ്കോർപിയോയിൽ എഞ്ചിൻ പരിഷ്ക്കരണത്തിനു പുറമെ മറ്റ് കോസ്മെറ്റിക് നവീകരണങ്ങൾ ഒന്നുമില്ലെന്ന് സ്പൈ ചിത്രങ്ങൾ വ്യക്തമാകുന്നു.

വിപണിയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുകയാണെങ്കിലും സ്കോർപിയോ മികച്ച വിൽപ്പനയാണ് മഹീന്ദ്രയ്ക്ക് നേടിക്കൊടുക്കുന്നത്. എങ്കിലും ഈ വിഭാഗത്തിലെ ആധുനിക എസ്‌യുവികൾക്കെതിരെ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്ന പഴഞ്ചൻ ലാഡർ ഫ്രെയിം 2021 പതിപ്പിൽ നിന്നും ഒഴിവാക്കി പകരം പുതിയ മെച്ചപ്പെട്ട ഫ്രെയിമായിരിക്കും കമ്പനി ഉപയോഗിക്കുക.

അത് ക്രാഷ് പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 2021 മഹീന്ദ്ര സ്കോർപിയോ ഒരു വ്യത്യസ്‍‌ത സ്റ്റൈലിംഗും സ്വീകരിക്കും. അത് ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷ്യത്തിന് അനുസൃതമായി നിലകൊള്ളും.

പുതിയ ബിഎസ്-VI മോഡലിന് നിലവിലുള്ള സ്കോർപിയോ എസ്‌യുവിയേക്കാളും വിലയേറിയതായിരിക്കും. 10.20 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ടാറ്റാ സഫാരിയുടെ പിൻവാങ്ങലിന് ശേഷം സ്കോർപിയോയ്ക്ക് നേരിട്ടുള്ള എതിരാളികളില്ല. എങ്കിലും വിലയുടെ കാര്യത്തിൽ ഇത് കിയ സെൽറ്റോസ്, എം‌ജി ഹെക്‌ടർ എന്നീ മോഡലുകളുമായി വിപണിയിൽ മത്സരിക്കും.

Comments are closed.