ക്രെറ്റ എസ്യുവിയുടെ അവതരണവും വില പ്രഖ്യാപനവും മാര്‍ച്ച് 16-ന്
ഹ്യുണ്ടായി മോട്ടോർ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ രണ്ടാംതലമുറ ക്രെറ്റ എസ്യുവിയുടെ അവതരണവും വില പ്രഖ്യാപനവും മാർച്ച് 16-ന് നടത്തും. നേരത്തെ മാർച്ച് 17-നാണ് വാഹനത്തെ ഇന്ത്യൻ ഉപഭോക്താക്കൾക്കായി പരിചയപ്പെടുത്താൻ തീരുമാനിച്ചിരുന്നത്.
കൊറോണ വൈറസ് ഭീഷണിയെ തുടർന്ന് അവതരണ വേദിയിൽ മാറ്റം വരുത്തുകയും വലിയ ജനക്കൂട്ടത്തെ അകറ്റി നിർത്തി ചെറിയ പരിപാടിയായി നടത്താനാണ് കൊറിയൻ കമ്പനി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കൊറോണ വൈറസ് (COVID-19) ലോകമെമ്പാടും ഒരു വലിയ മാറാവ്യാധിയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ 2020 ഹ്യുണ്ടായി ക്രെറ്റയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ ആഴ്ച പിന്നിടുമ്പോള്‍ എസ്യുവി സ്വന്തമാക്കാനുള്ള തിരക്കുകള്‍ തുടങ്ങിയെന്നാണ് ബുക്കിംഗ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 10,000 അധികം ബുക്കിംഗുകളാണ് ഏഴ് ദിവസം കൊണ്ട് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. 10,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.
പൂർണമായി വളർന്ന രണ്ട് ആഫ്രിക്കൻ ആനകളുടെ ഭാരം (ഏകദേശം 5,400 കിലോഗ്രാം) വഹിക്കാൻ പ്രാപ്തമാണ് പുതിയ ക്രെറ്റയെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിനർത്ഥം, ഇന്ത്യൻ വിപണിയിലെ സി-എസ്യുവി വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നാകും ഇതെന്നാണ്.
74.3 ശതമാനം അഡ്വാൻസ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീൽ ഉൾക്കൊണ്ടാണ് 2020 ഹ്യുണ്ടായി ക്രെറ്റയുടെ സൂപ്പർ സ്ട്രക്ചർ നിർമിച്ചിരിക്കുന്നത്. കൂടാതെ, കരുത്തുറ്റ മോണോകോക്ക് ഉപയോഗിച്ച കമ്പനിയുടെ നിരയിലെ രണ്ടാമത്തെ മോഡലാണിത്. അടുത്തിടെ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ച ix25 എസ്യുവിയെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ ഡിസൈന്‍.
വെന്യുവിന്റേതിന് സമാനമായ കാസ്കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, ചെറിയ ഇൻഡിക്കേറ്റര്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പ്, സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് ക്രെറ്റയുടെ മുന്‍വശത്തെ പ്രധാന മാറ്റങ്ങള്‍. പുതിയ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുളും ശ്രദ്ധേയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.
എസ്യുവിയുടെ ഇന്റീരിയറും കൂടുതല്‍ പ്രീമിയമാകും. കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കും പ്രധാന നവീകരണത്തിന് കീഴിൽ വരിക. ഹ്യുണ്ടായിയുടെ പുതിയ ബ്ലൂലിങ്ക് കണക്റ്റിവിറ്റി സംവിധാനമുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയിൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് എംഐഡി (MID) ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്ലൈമറ്റ് കണ്ട്രോള്, വിവിധ ഡ്രൈവിംഗ് മോഡുകള്‍ എന്നിവയും അകത്തളത്തെ സമ്പന്നമാക്കും.
1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനോടു കൂടിയാണ് 2020 ഹ്യുണ്ടായി ക്രെറ്റ വിപണിയിലെത്തുക. കാറിൽ 1.5 ലിറ്റർ ഓപ്ഷനിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും തെരഞ്ഞെടുക്കാൻ സാധിക്കും. അതോടൊപ്പം 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ സ്റ്റിയറിംഗ് മൗണ്ട് ചെയ്ത പാഡിൽ-ഷിഫ്റ്ററുകളുള്ള ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സും പ്രത്യേകമായി തെരഞ്ഞെടുക്കാൻ സാധിക്കും.
Comments are closed.