കേരളത്തില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി കൊറോണ ; ഒരാള്‍ തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം : കേരളത്തില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി കൊറോണ റിപ്പോര്‍ട്ട് ചെയ്തു. ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്ന് വന്ന തൃശൂര്‍, സ്വദേശിക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. അതേസമയം ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയുടെ സാമ്പിളുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചപ്പോള്‍ ഫലം പോസീറ്റിവായിരുന്നു. എങ്കിലും ആലപ്പുഴ വൈറോളജി ലാബില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

\രണ്ടു പേര്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലും തൃശൂര്‍ ജനറല്‍ ആശുപത്രിയിലും തിരുവനന്തപുരം സ്വദേശിയെ കൊറോണ ബാധിതനായി കണക്കാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ആരംഭിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അതേസമയം രോഗലക്ഷണങ്ങളുമായി എയര്‍പോര്‍ട്ടിലെത്തിയ കണ്ണൂര്‍, തൃശൂര്‍ സ്വദേശികളെ നേരെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റിയെങ്കിലും വീട്ടിലെത്തി കുളി കഴിഞ്ഞപ്പോള്‍ പനിയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. ഉടന്‍ അദ്ദേഹം കാള്‍ സെന്ററിലേക്ക് വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി.

തിരുവനന്തപുരം സ്വദേശിയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ ഇത് 20 ആകും. അതേസമയം സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്നും ശക്തമായ പ്രതിരോധം തുടര്‍ന്നില്ലെങ്കില്‍ പിടിവിട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവധിയിലുള്ള ഗവ.സെക്രട്ടറിമാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 14ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ അവലോകനയോഗം ചേരുന്നതാണ്.

Comments are closed.