കമല്‍നാഥ് സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങി ബി. ജെ. പിയും

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ ബി. ജെ. പിയിലേക്ക് മാറിയതിനെത്തുടര്‍ന്ന് രാജിവച്ച 22 വിമത എം.എല്‍.എമാരില്‍ ആറു മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ എന്‍.പി.പ്രജാപതിക്ക് കത്ത് നല്‍കുകയും എന്നാല്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബി. ജെ. പിയും തയ്യാറാവുന്നു.

നിയമസഭാംഗമോ നിയമസഭാ കൗണ്‍സില്‍ അംഗമോ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയോ പാര്‍ട്ടി വിപ്പ് ലംഘിക്കുകയോ ചെയ്താല്‍ അയോഗ്യനാക്കാമെന്നാണ് ചട്ടം. അതിനാല്‍ ആറ് മന്ത്രിമാരെ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ 191(2) അനുച്ഛേദം പ്രകാരം അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്.

എന്നാല്‍ എം.എല്‍.എമാര്‍ ഇ-മെയിലൂടെയാണ് രാജിക്കത്ത് അയച്ചതെന്നും നേരിട്ട് രാജി സമര്‍പ്പിച്ചാലേ പരിഗണിക്കൂവെന്നും സ്പീക്കര്‍ വ്യക്തമാക്കി. 22 വിമതരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ സഭയിലെ കേവല ഭൂരിപക്ഷം 104 ആയി കുറയുന്നതാണ്. അതേസമയം വിമതരെ ബി. ജെ. പി ബംഗളുരുവില്‍ ബന്ദികളാക്കിയിരിക്കയാണെന്നും അവരെ മോചിപ്പിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Comments are closed.