ഇറ്റലിയില്‍ നിന്നെത്തുന്ന എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ തന്നെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനം

തിരുവനന്തപുരം: ഇറ്റലിയില്‍ നിന്നെത്തുന്ന എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ തന്നെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ ജില്ലാകളക്ടര്‍ വിളിച്ച അടിയന്തരയോഗത്തില്‍ തീരുമാനിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്ക് കൊവിഡ് 19 ഉണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്. എന്നാല്‍ വെളളനാട് സ്വദേശിയായ യുവാവ് ഇറ്റലിയില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് 2 ദിവസം മുന്‍പ് തിരുവനന്തപുരത്തെത്തുകയും വിമാനത്താവളത്തില്‍ നിന്ന് നേരെ പോയത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ്.

എന്നാല്‍ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ തിരിച്ചയക്കുകയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. എന്നാല്‍ കുളിക്കുമ്പോള്‍ പനി ലക്ഷണം തോന്നിയതോടെ ഇയാള്‍ ദിശ നമ്പറില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിള്‍ ആലപ്പുഴ ലാബില്‍ അയച്ചു.

അതേസമയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോകും വഴി ഇയാള്‍ സമീപത്തെ ഒരു ജ്യൂസ് കടയില്‍ കയറിയതായി വിവരം കിട്ടിയിട്ടുണ്ട്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. തിരുവനന്തപുരം ജില്ലയില്‍ ആശുപത്രിയില്‍ 5 പേരും വീട്ടില്‍ 160 പേരുമാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Comments are closed.