ഹ്യുണ്ടായി തങ്ങളുടെ എലാന്‍ട്രയുടെ ഡീസല്‍ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കും
എലാന്‍ട്രയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ കഴിഞ്ഞ വര്‍ഷമാണ് ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിക്കുന്നത്. പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.
എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ ഡീസല്‍ പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കാര്ദേഖോയാണ് ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പങ്കുവെച്ചിരിക്കുന്നത്. പുതിയ ക്രെറ്റയിലും, കിയ സെല്‍റ്റോസിലും കണ്ടിരിക്കുന്ന ഡീസല്‍ എഞ്ചിന് തന്നെയാകും ഈ വാഹനത്തിലും ഇടംപിടിക്കുക.
ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക. ഈ എഞ്ചിന് 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ഖ് കണ്വെര്ട്ടറാകും ഗിയര്‍ബോക്സ്.
ബിഎസ് VI കംപ്ലയിന്റ് നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന് 150 bhp കരുത്തും 192 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ ഗിയര്‍ബോക്സ് ഓപ്ഷനായി തെരഞ്ഞെടുക്കാം. 2019 എലാന്‍ട്രയ്ക്ക് 15.89 ലക്ഷം രൂപ മുതല്‍ 20.39 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.
S, SX, SX (O) എന്നിങ്ങനെ മൂന്ന് വകഭേദത്തിലാണ് പെട്രോള്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്. പുതിയ ഡീസല്‍ പതിപ്പിലും ഈ വകഭേദങ്ങള്‍ തന്നെ ഇടംപിടിച്ചേക്കും. പെട്രോള്‍ പതിപ്പില്‍ ലഭിക്കുന്ന് ഫീച്ചറുകള്‍ എല്ലാം പുതിയ ഡീസല്‍ പതിപ്പിലും ലഭിക്കും.
ആറ് എയര്‍ബാഗുകള്‍, ഫ്രണ്ട് / റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ലോഞ്ച് അസിസ്റ്റ്, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, സണ്‍റൂഫ്, ബ്ലുലിങ്ക് കണക്ടിവിറ്റി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയുള്ള 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിലെ സവിശേഷതകളാണ്.
വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 16 ലക്ഷം രൂപ മുതല്‍ 21 ലക്ഷം രൂപ വരെ വാഹനത്തിന് എക്സ്ഷോറും വില പ്രതീക്ഷിക്കാം. ഹോണ്ട സിവിക്ക്, സ്കോഡ ഒക്ടാവിയ മോഡലുകള്‍ തന്നെയാകും പുതിയ പതിപ്പിന്റെയും വിപണിയിലെ എതിരാളികള്‍.
Comments are closed.