കൊറോണ വൈറസ് : ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ ഇന്ത്യയിലെ അവതരണം ഡിജിറ്റല്‍ വഴി

കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഫോക്‌സ്‌വാഗൺ ടി-റോക്കിന്റെ ഇന്ത്യയിലെ അവതരണം ഡിജിറ്റൽ വഴി നടത്താൻ തീരുമാനം. കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജർമ്മൻ വാഹന നിർമാതാക്കൾ എത്തിക്കുന്ന ഏറ്റവും പുതിയ മോഡലാണ് ടി-റോക്ക്.

കൊറോണ വൈറസ് പടരാതിരിക്കാൻ വിവിധ രാജ്യങ്ങൾ കൈകൊണ്ടിട്ടുള്ള കർശനമായ തീരുമാനങ്ങളെ തുടർന്നാണ് ഈ തീരുമാനം. ഇന്ത്യയിലും രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് വരാനിരിക്കുന്ന ടി-റോക്കിന്റേത് സമ്പൂർണ ഡിജിറ്റൽ അവതരണമായിരിക്കുമെന്ന് ഫോക്‌സ്‌വാഗൺ ഇന്ത്യ അറിയിച്ചത്.

രാജ്യത്തുടനീളം കൊറോണ വൈറസ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത് കൂടുതൽ ആളുകളിലക്ക് പടരാതിരിക്കാൻ വേണ്ട നടപടികൾ സർക്കാർ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ഏപ്രിൽ 15 വരെ വിസ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. കോർപ്പറേറ്റ് ഓർഗനൈസേഷനുകൾ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി താൽക്കാലിക യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

ആഭ്യന്തര വിപണിയിൽ ഫോക്‌സ്‌വാഗൺ ഈ മാസം പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണ് കോംപാക്‌ട് എസ്‌യുവിയായ ടി-റോക്ക്. ഇന്ത്യയ്‌ക്കായുള്ള ബ്രാൻഡിന്റെ പുതിയ ഉൽപ്പന്ന പദ്ധതിയുടെ ഭാഗമാണ് ഈ മോഡലുകൾ. ഒരു CBU ഉൽപ്പന്നമായാകും വാഹനം ഇന്ത്യയിയിലേക്ക് എത്തുക. കാറിനായുള്ള ബുക്കിംഗും കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു.

ജീപ്പ് കോമ്പസിന് നേരിട്ടുള്ള എതിരാളിയായി എത്തുന്ന ടി-റോക്കിനെ MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. . 1.5 ലിറ്റർ ടി‌എസ്‌ഐ ഇവോ യൂണിറ്റാണ് ഫോക്‌സ്‌വാഗണ്‍ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോൾ എഞ്ചിനിൽ മാത്രം എത്തുന്ന എസ്‌യുവിയായിരിക്കും ടി-റോക്ക്. മാത്രമല്ല ഒരു ഏഴ് സ്‌പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ മാത്രമായിരിക്കും വാഹനത്തിൽ വാഗ്‌ദാനം ചെയ്യുക.

ടി-റോക്ക് 150 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കും. കൂടാതെ 8.4 സെക്കൻഡിനുള്ളിൽ 205 കിലോമീറ്റർ വേഗത കൈവരിക്കാൻ കോംപാക്‌ട് എസ്‌യുവിക്ക് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ധീരവും സ്റ്റൈലിഷുമായ ഡിസൈനിലാണ് ടി-റോക്കിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, അലോയ് വീലുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, പിൻ പാർക്കിംഗ് ക്യാമറ, ലെതർ സീറ്റുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ കാറിന്റെ സവിശേഷതകളാണ്.

സുരക്ഷാ സവിശേഷതകളുടെ പട്ടികയിൽ ആറ് എയർബാഗുകൾ, എബിഎസ്, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ ലഭ്യമാകുമെന്നത് ശ്രദ്ധേയമാണ്.

ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഉൾക്കൊള്ളുന്ന ഇന്റീരിയറാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന്റെ മറ്റൊരു ആകർഷണം. ഓട്ടോമാറ്റിക് 2-സോൺ ക്ലൈമറ്റ് കൺട്രോൾ, വിയന്ന ലെതർ സീറ്റുകൾ, ഫിനിഷ്, പനോരമിക് സൺറൂഫ് എന്നിവയും എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നു.

Comments are closed.