തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍കോണ്‍ഫറന്‍സ് നേതാവും ലോക്‌സഭാംഗവുമായ ഫറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍കോണ്‍ഫറന്‍സ് നേതാവും ലോക്‌സഭാംഗവുമായ ഫറൂഖ് അബ്ദുള്ളയെ ഏഴുമാസത്തെ വീട്ടുതടങ്കലിന് ശേഷം മോചിപ്പിച്ചു. തുടര്‍ന്ന് തടങ്കല്‍ പിന്‍വലിച്ച് ജമ്മു കാശ്മീര്‍ ഭരണകൂടം ഇന്നലെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഫറൂഖ് അബ്ദുള്ളയോടൊപ്പം തടങ്കലിലാക്കിയ പുത്രനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെയും മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തിയെയും മോചിപ്പിച്ചിരുന്നില്ല.

ഇവര്‍ക്കൊപ്പം തടങ്കലിലാക്കിയ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജദ് ലോണും ആറ് മാസമായി തടങ്കലിലാണ്. പൊതുജീവിതത്തിന് ശല്യമുണ്ടാക്കിയെന്ന കുറ്റം ചുമത്തി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 5നാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് 83കാരനായ ഫറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കിയത്.

പിന്നീട് രണ്ടു വര്‍ഷം വരെ വിചാരണയില്ലാതെ തടവില്‍ വയ്ക്കാന്‍ വ്യവസ്ഥയുള്ള ജമ്മു കാശ്മീര്‍ പൊതുസുരക്ഷാ നിയമപ്രകാരം സെപ്റ്റംബര്‍ 15ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ശ്രീനഗറിലെ അദ്ദേഹത്തിന്റെ വസതി സബ് ജയിലായി പ്രഖ്യാപിച്ച് അവിടെ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ മൂന്ന് മാസത്തേക്കായിരുന്നു തടങ്കല്‍. കഴിഞ്ഞ ഡിസംബറില്‍ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടിയിരുന്നു. ഇന്നലെ ആ കാലാവധി കഴിഞ്ഞതോടെയാണ് മോചനം. ഫറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചതിനെ നിരവധി നേതാക്കള്‍ സ്വാഗതം ചെയ്തിരുന്നു.

Comments are closed.