കൊവിഡ് 19 : മൂന്നാറില്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കും ; പരിശോധയ്ക്കായി നാല് സംഘങ്ങള്‍

ഇടുക്കി: മൂന്നാറില്‍ കൊവിഡ് 19 സ്ഥിരീകരിച്ച വിദേശ വിനോദ സഞ്ചാരി എത്തിയതിനത്തുടര്‍ന്ന് മൂന്നാറിലെത്തുന്ന സഞ്ചാരികളെയെല്ലാം പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം നിയോഗിച്ച നാല് സംഘങ്ങള്‍ രാവിലെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. അതേസമയം മൂന്നാറില്‍ ഈ മാസം അവസാനം വരെ വിനോദസഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതറിയാതെ എത്തുന്നവരെ അധികൃതര്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി ഇന്ന് മുതല്‍ തിരിച്ചയ്ക്കും.

മൂന്നാറിലെത്തുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ് പുതുതായി നിയോഗിച്ച നാല് സംഘങ്ങളുടെ കര്‍ത്തവ്യം. തെര്‍മല്‍ സ്‌കാനര്‍ അടക്കമുള്ളവയായിട്ടായിരിക്കും സംഘത്തിന്റെ പ്രവര്‍ത്തനം. പനിയുള്ളവരെ കണ്ടെത്തിയാല്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നതാണ്. എന്നാല്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെ പരിശോധനയ്ക്ക് തെര്‍മല്‍ സ്‌കാനറുകളുടെ കുറവുണ്ട്. ഇവ ഇന്ന് മുതല്‍ ആവശ്യത്തിന് ലഭ്യമാക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷിക്കുന്നത്.

ഇടുക്കിയിലെ ഹോം സ്റ്റേകളും, ഹോട്ടലുകളും അധികൃതരെ അറിയിക്കാതെ പുതിയ അതിഥികളെ സ്വീകരിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി പഞ്ചായത്ത് അധികൃതരെ കൂടി ഉള്‍പ്പെടുത്തി പരിശോധിക്കും. കൂടാതെ പള്ളിവാസല്‍, ചിന്നക്കനാല്‍, അടിമാലി തുടങ്ങി വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്കായി ജില്ലഭരണകൂടം ഇന്ന് മുതല്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയാണ്.

Comments are closed.