വിശ്വാസ വോട്ടെടുപ്പ് നീളും ; മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്റെ പ്രസംഗത്തിനു ശേഷം പിരിഞ്ഞു

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചതോടെ ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്റെ പ്രസംഗത്തിനു ശേഷം പിരിഞ്ഞു. എന്നാല്‍ 22 എം.എല്‍.എമാര്‍ രാജിവച്ചതോടെ മുഖ്യമന്ത്രി കമല്‍ നാഥിനോട് സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനം സഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയ ഗവര്‍ണര്‍, മധ്യപ്രദേശിന്റെ അന്തസ്സ് നിലനിര്‍ത്താന്‍ ഭരണഘടനാ മൂല്യങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും പറഞ്ഞിരുന്നു.

വിശ്വാസ വോട്ട് നേരിടാനും ഗവര്‍ണര്‍ പറഞ്ഞതോടെ സഭ ബഹളത്തില്‍ മുങ്ങുകയും പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ സഭ വിടുകയുമായിരുന്നു. തുടര്‍ന്ന് തുടര്‍ന്ന് ജ്യോതിരാജിത്യ സിന്ധ്യ കോണ്‍ഗ്രസ് വിടുകയും ബി.ജെ.പി ചേരുകയും ചെയ്തതോടെയാണ് മധ്യപ്രദേശ് സര്‍ക്കാരില്‍ പ്രതിസന്ധിയായത്. അതേസമയം എല്ലാവരുടെയും രാജി അംഗീകരിക്കാതെ തന്ത്രപരമായ നീക്കമാണ് സ്പീക്കര്‍ എന്‍.ജി പ്രജാപതിയും നടത്തുന്നത്. ബി.ജെ.പിക്കൊപ്പം പോയ ആറു പേരുടെ രാജി മാത്രമാണ് അംഗീകരിച്ചത്. വിശ്വാസ വോട്ടെടുപ്പ് എന്നു നടത്തണമെന്നതില്‍ സ്പീക്കര്‍ ഇതുവരെ തീരുമാനവും എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണെന്ന നിലപാടാണ് മുഖ്യമന്ത്രിയ്ക്ക്.

Comments are closed.