നിര്‍ഭയ കേസ് : വധശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി പ്രതികള്‍ രാജ്യാന്തര കോടതിയില്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളായ അക്ഷയ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവര്‍ തൂക്കിലേറ്റാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ വധശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു. അതേസമയം പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഇന്നലെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്‍.ഷാ എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് തള്ളി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും മുകേഷ് സിംഗിന് നിയമപരമായ എല്ലാ സാദ്ധ്യതകളും അനുവദിച്ചു കഴിഞ്ഞതാണെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.

കൂടാതെ സാഹചര്യങ്ങള്‍ പറയുന്നത് ഇനി യാതൊരു പ്രതിവിധിയും അവശേഷിച്ചിട്ടില്ലെന്നാണ്. നിങ്ങള്‍ ദയാ ഹര്‍ജി ഉപയോഗപ്പെടുത്തി. അത് തള്ളി. തിരുത്തല്‍ ഹര്‍ജികളും തള്ളിയിരുന്നു. ഇനി എന്തു പ്രതിവിധിയാണ് അവശേഷിച്ചിട്ടുളളത്. സുപ്രീംകോടതി ചോദിക്കുന്നു. കൂടാതെ അമിക്കസ് ക്യൂറി വൃന്ദാ ഗ്രോവര്‍ തെറ്റിദ്ധരിപ്പിച്ച് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും ഫയല്‍ ചെയ്‌തെന്ന മുകേഷിന്റെ ആരോപണവും തള്ളുകയായിരുന്നു.

തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള തയാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുമ്പോള്‍ ദയാവധം അനുവദിക്കണമെന്ന് അപേക്ഷിച്ച് നാല് പ്രതികളുടെയും കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കി. തുടര്‍ന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദിനോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. അദ്ദേഹം എത്തിയാല്‍ ഇന്നുതന്നെ ഡമ്മി പരീക്ഷണവും നടത്തുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. പ്രതികളായ മുകേഷ്, പവന്‍, വിനയ് എന്നിവര്‍ ബന്ധുക്കളുമായി അവസാനവട്ട കൂടിക്കാഴ്ച നടത്തി. അക്ഷയ്കുമാറിന്റെ ബന്ധുക്കള്‍ക്കും കത്തയച്ചിരുന്നു.

Comments are closed.