കൊറോണ : വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കേസുകള്‍ പരിഗണിക്കാന്‍ തീരുമാനിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച മുതല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കേസുകള്‍ പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. തുടര്‍ന്ന് രണ്ട് പ്രസ് ലോഞ്ചുകളിലും അത് കാണാന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് സൗകര്യം ഒരുക്കുന്നതാണ്. അതേസമയം ഹോളി അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിവസമായ ഇന്നലെ പതിനേഴ് കോടതികളില്‍ ഏഴെണ്ണം മാത്രമാണ് പ്രവര്‍ത്തിച്ചത്. ആറ് കോടതികള്‍ 12 കേസുകളും ചീഫ് ജസ്റ്റിസ് കോടതി ഒരു കേസുമാണ് പരിഗണിച്ചിരുന്നത്.

എയിംസ് മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലുള്ള തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷമാണ് അഭിഭാഷകരടക്കമുള്ളവരെ കോടതി വളപ്പില്‍ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം ആരോഗ്യ സ്ഥിതിയെക്കുറിച്ചും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചോ എന്നതടക്കമുള്ള ചോദ്യാവലി കോടതി ജീവനക്കാര്‍ നല്‍കും. ഇത് പൂരിപ്പിച്ച് നല്‍കണം. കോസ് ലിസ്റ്റില്‍ (അന്നേ ദിവസം പരിഗണിക്കുന്ന കേസുകളുടെ പട്ടിക) പേരുണ്ടെങ്കില്‍ മാത്രമേ അഭിഭാഷകര്‍ക്ക് കോടതി മുറിയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.

സീനിയര്‍ അഭിഭാഷകനാണെങ്കില്‍ അഡ്വക്കേറ്റ് ഓണ്‍ റെക്കാഡ് സാക്ഷ്യപ്പെടുത്തണം. ഹര്‍ജി പരിഗണനയ്ക്ക് എടുക്കുന്നതിന് തൊട്ട് മുമ്പ് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. നടപടികള്‍ കഴിഞ്ഞാല്‍ ഉടന്‍ കോടതിമുറിക്ക് പുറത്ത് പോകണം. ആദ്യം ആറ് കേസുകള്‍ കേട്ടശേഷം കോടതി മുറികള്‍ അണുവിമുക്തമാക്കുന്നതിനായി അര മണിക്കൂര്‍ ഇടവേള.

കോടതിക്ക് പുറത്തെ ഇടനാഴിയില്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല. കോടതി മുറിക്ക് പുറത്ത് എല്ലാവര്‍ക്കുമായി പലയിടങ്ങളിലും സാനിറ്റൈസര്‍ വച്ചിരിക്കുകയാണ്. അതേസമയം കോസ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ സോളിസിറ്റ് ജനറല്‍ തുഷാര്‍ മേത്തയെ പോലും ഇന്നലെ കോടതി വളപ്പില്‍ തടഞ്ഞു. ഒരേ സമയം മൂന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ കോടതിമുറിയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ഇന്നലെ കോടതി വ്യക്തമാക്കി.

Comments are closed.